IPL 2024: ആർസിബി ടീം പിരിച്ചുവിടുകയാണ് നല്ലത്, കോഹ്‌ലി മറ്റേതെങ്കിലും ടീമിൽ പോയാൽ ഒരു കിരീടമെങ്കിലും കിട്ടും: മുഹമ്മദ് കൈഫ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ഫ്രാഞ്ചൈസി നാലാം തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ശക്തമായ ഭാക്ഷയിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫ്. ആർസിബി ഉയർത്തിയ 183 റൺസ് അഞ്ച് പന്ത് ബാക്കിനിൽക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സഞ്ജു 42 ബോളിൽ 69 റൺസിൽ പുറത്തായപ്പോൾ ബട്‍ലർ 58 പന്തിൽ 100* റൺസുമായി പുറത്താവാതെ നിന്നു. കോഹ്‌ലിയുടെ സെഞ്ച്വറി മികവിലാണ് ആർസിബി പൊരുതാവുന്ന സ്കോർ ഉയർത്തിയത്. ഇത്രയും സ്കോർ ഉയർത്തിയിട്ടും ജയിക്കാൻ സാധിക്കാത്ത ആർസിബിയുടെ മോശം ബോളിങ്ങിനെതിരെ മുഹമ്മദ് കൈഫ് ആഞ്ഞടിച്ചു.

“റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അത്ര മോശം ടീമാണ്. അവരെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അവർക്ക് വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബൗളർമാരില്ല. വിരാട് കോഹ്‌ലി മാത്രമാണ് ഫ്രാഞ്ചൈസിക്കായി റൺസ് നേടുന്നത്. ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന് മറ്റെന്താണ് ചെയ്യാൻ കഴിയുക? കഴിഞ്ഞ 17 വർഷമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന അതേ കഥയാണിത്. ഒരു പരിഹാരവുമില്ലെന്ന് തോന്നുന്നു, ”സ്റ്റാർ സ്പോർട്സിൽ മുഹമ്മദ് കൈഫ് പറഞ്ഞു.

ടോസ് നേടിയ സഞ്ജു സാംസൺ ആർസിബിയെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ചേർന്ന് 125 റൺസ് കൂട്ടിച്ചേർത്തു. 74 പന്തിൽ 12 ഫോറും 4 സിക്‌സും സഹിതമാണ് വിരാടിൻ്റെ 113 റൺസ് പിറന്നത്. 2 ഫോറും 2 സിക്‌സും സഹിതം 44 റൺസാണ് ഫാഫ് നേടിയത്. ഗ്ലെൻ മാക്‌സ്‌വെൽ 1 റൺസ് മാത്രം നേടിയപ്പോൾ കാമറൂൺ ഗ്രീൻ 6 പന്തിൽ 5 റൺസെടുത്തു.

യുസ്വേന്ദ്ര ചാഹൽ 4 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ആർസിബിയെ 200 റൺസിനപ്പുറം കടക്കുന്നതിൽ നിന്ന് തടഞ്ഞത്. ഐപിഎൽ ചരിത്രത്തിലെ തന്റെ ആറാം സെഞ്ചുറിയാണ് ജോസ് ബട്ട്‌ലർ നേടിയത്.