IPL 2024: നോബോള്‍ വിവാദത്തിന് അറുതി വരുത്താന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ബിസിസിഐ

അരക്കെട്ട് ഉയരത്തിലുള്ള ഫുള്‍ ടോസുകള്‍ വിലയിരുത്താന്‍ ബിസിസിഐ ഒരു പുതിയ സാങ്കേതികത വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. അരക്കെട്ട് ഉയരത്തിലുള്ള ഫുള്‍ ടോസുകള്‍ കാരണം നോ-ബോള്‍ കോളുകള്‍ പലപ്പോഴും വിയോജിപ്പിന്റെ ഉറവിടമാണ്. അതിനാല്‍ ഐപിഎല്‍ 17ാം സീസണില്‍ കഴിയുന്നത്ര കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ ഈ സാങ്കേതികത വികസിപ്പിക്കുന്നത്.

ഐപിഎല്ലിലെ എല്ലാ കളിക്കാരുടെയും അരവരെയുള്ള ഉയരം ടേപ്പ് ഉപയോഗിച്ച് അളന്നിട്ടുണ്ട്. അരക്കെട്ട് ഉയരത്തിലുള്ള ഫുള്‍ ടോസുകളുടെ അവലോകനങ്ങള്‍ വിലയിരുത്താന്‍ തേര്‍ഡ് അമ്പയര്‍ക്കൊപ്പം (ഈ സീസണ്‍ മുതല്‍) ഇരിക്കുന്ന ഹോക്ക്-ഐ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന സിസ്റ്റത്തിലേക്ക് ഈ ഡാറ്റ നല്‍കപ്പെടും. ഓരോരോ ബാറ്ററുടെയും അരക്കെട്ട് ഉയരത്തിന്‍റെ ആനുപാതത്തില്‍ ഫുള്‍ ടോസ് മികച്ച രീതിയില്‍ വിലയിരുത്താന്‍ ഈ ഡാറ്റ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഐപിഎല്‍ സീസണില്‍ തീരുമാനമെടുക്കല്‍ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുമായി ഒരു പുതിയ സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം ഇതിനകം ബിസിസിഐ അവതരിപ്പിച്ചിട്ടുണ്ട്. ഓണ്‍ഫീല്‍ഡ് റിവ്യുകള്‍ കൂടുതല്‍ കണിശവും വേഗതത്തിലുമാക്കുന്നതിനു വേണ്ടി രണ്ട് ഹോക്ക്-ഐ ഓപ്പറേറ്റര്‍മാരെ ടിവി അമ്പയര്‍ക്ക് അടുത്തായി സ്ഥാപിച്ചിട്ടുണ്ട്. ടിവി അംപയറും ഹോക്ക്-ഐ ഓപ്പറേറ്റര്‍മാരും ഇനി ഒരേയിടത്തായിരിക്കും പ്രവര്‍ത്തിക്കുന്നത്.

എട്ടു ഹോക്ക്-ഐ ക്യാമറകളാണ് ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അപ്പപ്പോള്‍ തന്നെ ടിവി അംപയറുടെ സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. ഇതു സ്റ്റംപിംഗ്, റണ്ണൗട്ട്, ക്യാച്ചുകള്‍, നോബോള്‍ എന്നിവയുടെ കാര്യത്തില്‍ വളരെ കൃത്യമായ തീരുമാനങ്ങളെടുക്കാനും ടിവി അംപയറെ സഹായിക്കും.