'യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരണം'; തോല്‍വിയുടെ കാരണം ചൂണ്ടിക്കാട്ടി ധോണി

ഐപിഎല്‍ 16ാം സീസണില്‍ തോല്‍വിയോടെ തുടങ്ങാനായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെയുടെ വിധി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈയ്ക്ക് വഴങ്ങേണ്ടിവന്നത്. ഇപ്പോഴിതാ തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരള്‍ ചൂണ്ടിയിരിക്കുകയാണ് ധോണി. ബോളര്‍മാരല്ല ബാറ്റര്‍മാരുടെ പ്രകടനമാണ് കളി കൈവിടാന്‍ കാരണമായതെന്ന് ധോണി പറഞ്ഞു.

പ്രതീക്ഷിച്ച റണ്‍സിലേക്ക് ഞങ്ങള്‍ക്ക് എത്താനായില്ല. 15-20 റണ്‍സ് കുറവാണ് നേടാനായത്. അത്രയും റണ്‍സ് കൂടിയുണ്ടായിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു. പിച്ചില്‍ അല്‍പ്പം മഞ്ഞുണ്ടായിരുന്നു. 7.30ന് മത്സരം തുടങ്ങിയതുകൊണ്ട് തന്നെ പന്തിന് നല്ല ചലനം തുടക്കത്തിലേ ഉണ്ടായിരുന്നു. മധ്യ ഓവറുകളില്‍ അല്‍പ്പം കൂടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യേണ്ടിയിരുന്നു.

യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടത് അത്യാവശ്യമാണെന്നാണ് കരുതുന്നത്. ഹംഗര്‍ഗേക്കര്‍ മികച്ച പേസില്‍ പന്തെറിഞ്ഞു. മെച്ചപ്പെടുന്ന താരമാണവന്‍. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നാണ് കരുതുന്നത്. നോബോള്‍ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്- ധോണി പറഞ്ഞു.

Read more

അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 50 പന്തില്‍ 92 റണ്‍സ് നേടിയ ഋതുരാജിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ സിഎസ്‌കെ വലിയ നാണക്കേടിനെ അഭിമുഖീകരിക്കേണ്ടി വന്നേനെ.