ഹോള്‍ഡറെ തഴഞ്ഞ് അശ്വിനെയും ബാസിതിനെയും കളിപ്പിച്ചത് എന്തിന്?; ന്യായീകരണവുമായി സഞ്ജു, വിമര്‍ശനം

ആര്‍സിബിക്കെതിരെ നിര്‍ണായക ഘട്ടില്‍ ഹോള്‍ഡറെ തഴഞ്ഞ് അശ്വിനെയും ബാസിതിനെയും കളിപ്പിച്ചതില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിമര്‍ശം ശക്തമാകുമ്പോള്‍ ഈ നീക്കത്തെ ന്യായീകരിച്ച് നായകന്‍ സഞ്ജു സാംസണ്‍. അനുഭവസമ്പത്തും മുമ്പ് ഇത്തരം സാഹചര്യത്തില്‍ നടത്തിയ പ്രകടനവുമാണ് അശ്വിനെ ഇറക്കാന്‍ കാരണമെന്ന് സഞ്ജു പറഞ്ഞു.

10, 12, 13 റണ്‍റേറ്റുകളൊക്കെ ഈ മൈതാനത്ത് പിന്തുടര്‍ന്ന് ജയിക്കാവുന്നതാണ്. ഇത് ആ സമയത്തിന്റെ ഫലമാണ്. കുറച്ചുകൂടി സിക്സറുകള്‍ അധികം നേടേണ്ടതായുണ്ടായിരുന്നു. സാധാരണ ഹെറ്റ്മെയറാണ് ഇത്തരം സാഹചര്യത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കുന്നത്. എന്നാല്‍ ഇത്തവണ ജൂറലാണ് നന്നായി അടിച്ചത്. ഒരു മികച്ച ഷോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്.

അശ്വിനെ ബാറ്റിംഗിനിറക്കാന്‍ കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മുമ്പ് ഇത്തരം സാഹചര്യത്തില്‍ നടത്തിയ പ്രകടനവുമാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ പദ്ധതിയിട്ടത്. ഐപിഎല്ലില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നത് ചെറിയ സ്‌കോറിനാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികളിലെ പിഴവുകള്‍ നികത്തി ശക്തമായി തിരിച്ചെത്തും- സഞ്ജു പറഞ്ഞു.

എന്നാല്‍ സഞ്ജുവിന്റെ ന്യായീകരണം വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ഹോള്‍ഡറെ പുറത്തിരുത്തിയതിന്റെ കാരണം ചോദിക്കുമ്പോള്‍ സഞ്ജു ഉത്തരമില്ലാത്തതിനാല്‍ ഉരുണ്ടുകളിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.