പ്രമുഖരുടെ നെഞ്ചത്ത് ആര്‍.സി.ബിയുടെ പഞ്ചാരിമേളം; വേലിയിന്മേല്‍ ഇരുന്നാടി നാല് ടീമുകള്‍

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തിന്റെ ഫലം പ്രമുഖ ടീമുകള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയുള്ള റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയം മറ്റു ടീമുകളുടെ പ്ലേഓഫ് സാധ്യത കൂടുതല്‍ കടുപ്പമാക്കിയിരിക്കുകയാണ്. നിലവില്‍ 13 മത്സരങ്ങളില്‍നിന്ന് 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേഓഫില്‍ കടന്നിട്ടുള്ളത്.

ശേഷിച്ച മൂന്നു പ്ലേഓഫ് ടിക്കറ്റുകള്‍ക്കായി ചെന്നൈ (15 പോയിന്റ്), ലഖ്നൗ (15), ബാംഗ്ലൂര്‍ (14), മുംബൈ (14), രാജസ്ഥാന്‍ (12) എന്നീ അഞ്ചു ടീമുകളാണ് പ്രധാനമായും പോരടിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് (12), പഞ്ചാബ് കിംഗ്സ് (12) എന്നിവര്‍ക്കും നേരിയ സാധ്യത നിലനില്‍ക്കുന്നു.

സിഎസ്‌കെ- 15 പോയിന്റോടെ രണ്ടാംസ്ഥാനത്താണ് സിഎസ്‌കെ. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് സിഎസ്‌കെയുടെ അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ കടക്കാം. എന്നാല്‍ ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ ജിടി ആര്‍സിയെയോ, കെകെആര്‍ ലഖ്നൗവിനെയോ, ഹൈദരാബാദ് മുംബൈയെയെ പരാജയപ്പെടുത്തണം. എങ്കില്‍ മാത്രമേ ചെന്നൈയ്ക്ക് പ്ലേഓഫിലെത്താനാകൂ.

ലഖ്‌നൗ- സിഎസ്‌കെയുടെ അതേ സാഹര്യമാണ് 13 മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റ് തന്നെയുള്ള ലഖ്നൗവിനുമുള്ളത്. ശനിയാഴ്ച നടക്കാനിരിക്കുന്ന അവസാന മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിച്ചാല്‍ അവര്‍ പ്ലേഓഫില്‍ കടക്കും. പക്ഷെ പരാജയപ്പെട്ടാല്‍ ജിടി ആര്‍സിബിയെയോ, ഡിസി സിഎസ്‌കെയോ, എസ്ആര്‍എച്ച് മുംബൈയെയോ തോല്‍പ്പിക്കണം.

മുംബൈ- മുംബൈയുടെ കാര്യത്തിലേക്ക് വന്നാല്‍ അടുത്ത മല്‍സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാലും അവര്‍ക്ക് പ്ലേഓഫ് ഉറപ്പില്ല. സിഎസ്‌കെ, ലഖ്നൗ, ആര്‍സിബി എന്നീ ടീമുകളിലൊന്ന് അവസാനത്തെ ലീഗ് മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ മാത്രം മുംബൈയ്ക്കു പ്ലേഓഫിലെത്താം. എന്നാല്‍ ഹൈദരാബാദിനോടു തോറ്റാല്‍ മുംബൈ പുറത്താവും.

ആര്‍സിബി- ഞായറാഴ്ച ജിടിയുമായിട്ടാണ് അവരുടെ അവസാന മല്‍സരം. വലിയൊരു മാര്‍ജിനില്‍ ഈ മല്‍സരം ജയിച്ചാല്‍ 16 പോയിന്റോടെ ആര്‍സിബി പ്ലേഓഫിലെത്തും. എന്നാല്‍ തോല്‍ക്കുകയാണെങ്കില്‍ എസ്ആര്‍എച്ച് മുംബൈയെ പരാജയപ്പെടുത്തണം. അങ്ങനെ വന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി പ്ലേഓഫിലെത്തും.

രാജസ്ഥാന്‍, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്ക് അവസാന ലീഗ് മല്‍സരങ്ങളില്‍ വലിയ വിജയം ആവശ്യമാണ്. റോയല്‍സ് പഞ്ചാബുമായും കെകെആര്‍ ലഖ്നൗവുമായുമാണ് പോരടിക്കുക. ഈ മല്‍സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം ആര്‍സിബിയും മുംബൈയും വലിയ മാര്‍ജിനില്‍ പരാജയപ്പെടുകയും വേണം. അങ്ങനെ വരുമ്പോള്‍ മികച്ച റണ്‍റേറ്റുള്ള ടീമിന് പ്ലേഓഫിലേക്ക് പോകാം.