രാജസ്ഥാന് പിഴച്ചത് എവിടെ?; തോല്‍വിയുടെ കാരണം പറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അനാവശ്യ തോല്‍വി വഴങ്ങാനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിധി. 155 റണ്‍സെന്ന എളുപ്പത്തില്‍ എത്താവുന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 10 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഇപ്പോഴിതാ മല്‍സരത്തില്‍ റോയല്‍സിനു എവിടെയാണ് പിഴവു പറ്റിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

തീര്‍ച്ചയായും നല്ലൊരു ഫീല്‍ അല്ല ഇപ്പോഴുള്ളത്. ജയ്പൂരിലെ ആദ്യത്തെ മല്‍സരത്തില്‍ ജയിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് നോക്കുമ്പോള്‍ ചേസ് ചെയ്യാവുന്ന സ്‌കോറായിരുന്നു ഇത്. പക്ഷെ അവര്‍ വളരെ നന്നായി ബോള്‍ ചെയ്തു. സാഹചര്യങ്ങള്‍ വളരെ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

സ്ലോയായ വിക്കറ്റായിരുന്നു ഞാന്‍ ഇവിടെ പ്രതീക്ഷിച്ചത്. അതു തന്നെ ലഭിക്കുകയും ചെയ്തു. ഇത്തരം പിച്ചുകളില്‍ നിങ്ങള്‍ സ്മാര്‍ട്ട് ക്രിക്കറ്റ് കളിച്ചേ തീരൂ. റണ്‍ചേസില്‍ ഒമ്പതാമത്തെ ഓവര്‍ വരെ ഞങ്ങള്‍ അങ്ങനെ തന്നെയായിരുന്നു കളിച്ചത്. യശസ്വി ജയ്സ്വാള്‍ പുറത്തായതിനു ശേഷം ഞങ്ങള്‍ക്കു വലിയൊരു കൂട്ടുകെട്ട് ആവശ്യമായിരുന്നു.

ഞങ്ങള്‍ കളിയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം വിക്കറ്റുകള്‍ നഷ്ടമായെന്നു ഞാന്‍ കരുതുന്നു. അവരുടെ ബോളിംഗ് കണക്കിലെടുക്കുമ്പോള്‍ ഇവിടെ അഞ്ചോവറില്‍ 50 റണ്‍സെടുക്കുകയെന്നത് കടുപ്പമാണ്. നിങ്ങള്‍ ജയിച്ചാലും, തോറ്റാലും പലതും പഠിക്കാന്‍ സാധിക്കും. ഈ തോല്‍വിയില്‍ നിന്നും മുന്നോട്ടുപോയി കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്റ് ഞങ്ങള്‍ കളിക്കേണ്ടതുണ്ട്- സഞ്ജു പറഞ്ഞു.