ഗ്രീനിന്‍റെയും സൂര്യയുടെയും വെടിക്കെട്ട് പാഴായി; സ്റ്റമ്പും ഒടിച്ച് മടക്കി മുംബൈയെ ഒതുക്കി അര്‍ഷ്ദീപ് സിംഗ്

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് തോല്‍വി. പഞ്ചാബ് മുന്നോട്ടുവെച്ച 215 റണ്‍സിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ ആയുള്ളു. അവസാന ഓവറില്‍ 16 റണ്‍സ് വഴങ്ങാതെ പ്രതിരോധിച്ച അര്‍ഷ്ദീപ് സിംഗാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. രണ്ട് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ അര്‍ഷ്ദീപ് വഴങ്ങിയത്. രണ്ട് വിക്കറ്റും വീഴ്ത്തി. ഈ രണ്ട് വിക്കറ്റ് ബോളിലും മിഡില്‍ സ്റ്റംപ്സ് ഒടിഞ്ഞ് തെറിച്ചു.

അര്‍ദ്ധ സെഞ്ച്വറി നേടിയ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ 43 ബോളില്‍ 3 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 67 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവും മുംബൈയ്ക്കായി തിളങ്ങി. 26 ബോള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് 3 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടില്‍ 57 റണ്‍സെടുത്തു. നായകന്‍ രോഹിത് ശര്‍മ്മ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 44 റണ്‍സെടുത്തു. മുംബൈ നിരയില്‍ ഇഷാന്‍ കിഷന്‍ (4 ബോളില്‍ 1) നിരാശപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 214 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നാലിനു 83 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ അവസാന ഓവറുകളിലെ വെടിക്കെട്ട് പഞ്ചാബിനെ 200 കടത്തുകയായിരുന്നു.

സാം കറെന്‍ 29 ബോളില്‍ 55 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. ഹര്‍പ്രീത് സിംഗ്് 28 ബോളില്‍ 41 റണ്‍സെടുത്തു. വെറും ഏഴു ബോളില്‍ 25 റണ്‍സ് അടിച്ചെടുത്ത ജിതേഷ് ശര്‍മയുടെ ഫിനിഷിംഗും പഞ്ചാബിന് കരുത്തേകി.