ധവാന്‍ ക്യാപ്റ്റനാവില്ല, പഞ്ചാബിനെ നയിക്കുക ആ താരം

പഞ്ചാബ് കിംഗ്‌സിന്റെ നായകനായി സീനിയര്‍ താരം ശിഖര്‍ ധവാന്‍ വന്നേക്കുമെന്ന ചര്‍ച്ചകള്‍ക്ക് വിരാമം. ധവാനു പകരം യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരിക്കും പഞ്ചാബ് കിംഗ്സിന്റെ പുതിയ നായകന്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളിലും 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് മായങ്ക്. 2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം 100 മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 19 ടെസ്റ്റുകളിലും അഞ്ചു ഏകദിനങ്ങളിലും ഇതിനകം താരം കളിച്ചുകഴിഞ്ഞു.

മെഗാ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ടു താരങ്ങളിലൊരാള്‍ മായങ്കായിരുന്നു. മറ്റൊരാള്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗായിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന ധവാനെ മെഗാ ലേലത്തിലാണ് പഞ്ചാബ് ടീമിലെത്തിച്ചത്.

പഞ്ചാബ് കിംഗ്സ് ഫുള്‍ സ്‌ക്വാഡ്

നിലനിര്‍ത്തിയവര്‍- മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിംഗ്.

ലേലത്തില്‍ വാങ്ങിയവര്‍- ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍‌സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിത്തിക്ക് ചാറ്റര്‍ജി, ബല്‍തേജ് ദന്ദ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്‌സെ, ബെന്നി ഹോവല്‍.