പിന്മാറിയതോടെ സ്വഭാവം മാറി; ഐ.പി.എല്ലിനെതിരെ തുറന്നടിച്ച് ആദം സാംപ

ഐ.പി.എല്‍ സീസണില്‍ നിന്ന് പാതിവഴിയില്‍ പിന്മാറിയതിന് പിന്നാലെ ടൂര്‍ണമെന്റിനെതിരെ വിമര്‍ശനവുമായി ഓസീസ് താരം ആദം സാംപ. താന്‍ ഭാഗമായതില്‍ വെച്ച് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐപിഎല്ലിലേത് എന്നും യു.എ.ഇയില്‍ വെച്ച് തന്നെ ഈ സീസണും നടത്തണമായിരുന്നെന്നും സാംപ പറഞ്ഞു.

“ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായി കഴിഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐ.പി.എല്ലിലേത് ആണ്. ആറ് മാസം മുന്‍പ് യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ ഇങ്ങനെ തോന്നിയിരുന്നില്ല. അവിടെ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നല്‍കിയത്. ഇത്തവണയും യു.എ.ഇയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു.”

“ഇവിടുത്തെ സാഹചര്യങ്ങള്‍ പരിശീലനം നടത്താന്‍ പോലുമുള്ള പ്രചോദനം നല്‍കുന്നില്ല. ഈ വര്‍ഷം അവസാനമാണ് ടി20 ലോക കപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചര്‍ച്ചാവിഷയമാവുന്നത് ഇതായിരിക്കും” സാംപ പറഞ്ഞു.

Read more

അതേസമയം, കോവിഡ് രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംപയ്ക്കും പേസ് ബോളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സനും നാട്ടിലേക്ക് മടങ്ങാനായില്ല. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഓസട്രേലിയ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങാനാകാതെ മുംബൈയില്‍ കുടുങ്ങിയിരിക്കുന്നത്.