അര്‍ദ്ധ സെഞ്ച്വറിയോടെ നയിച്ച് കോഹ്‌ലി, കൂടെ ദേവ്ദത്തും; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് അനായാസ ജയം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയം. എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. നായകന്‍ വിരാട് കോഹ്‌ലിയുടെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ അഞ്ച് ബോളുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മുന്നോട്ട് വെച്ച 155 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ മറികടന്നു.

കോഹ്‌ലി 53 ബോളില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 2 സിക്‌സും 7 ഫോറുമടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. ദേവ്ദത്ത് പടിക്കല്‍ 45 ബോളില്‍ 1 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 63 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സ് 12 റണ്‍സുമായി പുറത്താകാതെ നിന്നു. അരോണ്‍ ഫിഞ്ച് (8) നിരാശപ്പെടുത്തി. രാജസ്ഥാനായി ആര്‍ച്ചറും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Image
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. സീസണിലെ ആദ്യ മത്സരം കളിച്ച മഹിപാല്‍ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോംറോര്‍ 39 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 47 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ (12 പന്തില്‍ 22), രാഹുല്‍ തെവാത്തിയ (12 പന്തില്‍ പുറത്താകാതെ 24), ജോഫ്ര ആര്‍ച്ചര്‍ (10 പന്തില്‍ പുറത്താകാതെ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സ്മിത്തും (5) സഞ്ജു സാംസണും (4) നിരാശപ്പെടുത്തി.

Imageറോയല്‍ ചാലഞ്ചേഴ്‌സിനായി യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇസൂരു ഉഡാന രണ്ടും നവ്ദീപ് സെയ്‌നി ഒരു വിക്കറ്റും വീഴ്ത്തി. രാജസ്ഥാന്‍രെ ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ജയത്തോടെ നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിജയവുമായി ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.