വിജയ വഴിയില്‍ മുംബൈ; പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 48 റണ്‍സിന്റെ തോല്‍വി. മുംബൈ മുന്നോട്ടുവെച്ച 192 റണ്‍സിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ ആയുള്ളു. 27 ബോളില്‍ 44 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാമത്തെയും സീസണിലെ മൂന്നാമത്തെയും തോല്‍വിയാണിത്.

പഞ്ചാബിനായി കെ.എല്‍ രാഹുല്‍ 17 റണ്‍സും മായങ്ക് അഗര്‍വാള്‍ 25 റണ്‍സും മാക്‌സ്‌വെല്‍ 11 റണ്‍സുമാണ് എടുത്തത്. കൃഷ്ണപ്പ ഗൗതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായ് രാഹുല്‍ ചഹാര്‍, ജസ്പീത് ഭുംറ, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്രുനാല്‍ പാണ്ഡ്യയും ബോള്‍ട്ടും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Image

അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സ് നേടിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 45 ബോളില്‍ 3 സിക്‌സിന്റെയും 8 ഫോറിന്റെയും അകമ്പടിയില്‍ 70 റണ്‍സ് എടുത്തു. അതോടൊപ്പം രോഹിത് ഐ.പി.എല്ലില്‍ 5000 റണ്‍സ് പിന്നിടുകയും ചെയ്തു.

Image

മുംബൈയ്ക്കായ് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച  ഹാര്‍ദിക് പാണ്ഡ്യ 11 ബോളില്‍ 30 റണ്‍സും പൊള്ളാര്‍ഡ് 20 ബോളില്‍ 47 റണ്‍സും ഇഷാന്‍ കിഷന്‍ 28 റണ്‍സും സൂര്യകുമാര്‍ യാദവ് 10 റണ്‍സും നേടി. പഞ്ചാബിനായി മുഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.