ബോസ് വരവ് മാസാക്കി; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് വീണ്ടും തോല്‍വി

ഐ.പി.എല്ലില്‍ അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. ക്രിസ് ഗെയ്ല്‍ പഞ്ചാബിനായി ഈ സീസണില്‍ ആദ്യമായി ഇറങ്ങിയ മത്സരത്തില്‍ 8 വിക്കറ്റിനാണ് കിംഗ്‌സ് ഇലവന്‍ വിജയം ആഘോഷിച്ചത്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സിന്റെ വിജയലക്ഷ്യം നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ കെ.എല്‍ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 49 ബോള്‍ നേരിട്ട രാഹുല്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗെയ്ല്‍ 45 ബോളില്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍ 25 ബോളില്‍ 3 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 45 റണ്‍സ് നേടി. ബാംഗ്ലൂരിനായി ചഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Image

ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് എടുത്തത്. 39 ബോളില്‍ 48 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കല്‍ 18- ഉം ആരോണ്‍ 20- ഉം വാഷിംഗ്ടന്‍ സുന്ദര്‍ 13- ഉം ശിവം ദുബെ 23- ഉം റണ്‍സെടുത്തു.ഡിവില്ലിയേഴ്‌സിന് രണ്ട് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ക്രിസ് മോറിസ് 8 ബോളില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Image

പഞ്ചാബിനായി മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ക്രിസ് ജോര്‍ദാന്‍, എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. പഞ്ചാബിനെതിരെ ബാംഗ്ലൂരിന്റെ ഈ സീസണിലെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 97 റണ്‍സിന് ബാംഗ്ലൂര്‍ അടിയറവ് പറഞ്ഞിരുന്നു.