നനഞ്ഞ പടക്കമായി റോയല്‍ ചലഞ്ചേഴ്‌സ്; പഞ്ചാബിന് എതിരെ വമ്പന്‍ തോല്‍വി

ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 97 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി. പഞ്ചാബ് മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോഹ്‌ലിപ്പട 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മിന്നുംതാരമായിരുന്ന ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ജോഷ് ഫിലിപ്പ് (0), ഫിഞ്ച് (20), കോഹ്‌ലി (1), എബി ഡിവില്ലേഴ്സ് (28), ശിവം ദുബൈ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. പഞ്ചാബിനായി രവി ബിഷ്ണോയി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷെല്‍ഡണ്‍ കോട്രല്‍ രണ്ടും സമി, മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Image

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ച്വറി മികവിലാണ് പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് സ്വന്തമാക്കിയത്. 69 പന്ത് നേരിട്ട രാഹുല്‍ 7 സിക്‌സിന്റെയും 14 ഫോറിന്റെയും അകമ്പടിയില്‍ 132 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Image

പഞ്ചാബിനായി മായങ്ക് അഗര്‍വാള്‍ 26- ഉം നിക്കോളസ് പൂരന്‍ 17- ഉം റണ്‍സ് നേടി. കരുണ്‍ നായര്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. മാക്‌സ്‌വെല്‍ 5 റണ്‍സ് മാത്രം നേടി പുറത്തായി. ബാംഗ്ലൂരിനായി ശിവം ദൂബെ രണ്ട് വിക്കറ്റും ചഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.