മത്സരത്തിനിടെ കന്നഡയില്‍ തെറി വിളിച്ച് രാഹുല്‍; സ്റ്റമ്പ് മൈക്കില്‍ വ്യക്തം- വീഡിയോ

കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഞായറാഴ്ച നടന്ന കളി ഏറെ സംഭവ ബഹുലമായിരുന്നു. സൂപ്പര്‍ ഓവറോളം നീണ്ട കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ഭാഗ്യം. ഇപ്പോഴിതാ മത്സരത്തിനിടെ സഹതാരത്തോട് മോശം ഭാഷ ഉപയോഗിക്കുന്ന പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഫീല്‍ഡിംഗ് ക്രമീകരിക്കുന്നതിനിടെ സഹതാരത്തെ കന്നഡയിലാണ് രാഹുല്‍ തെറി വിളിച്ചത്. ഈ കന്നഡ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഒരു ഫീല്‍ഡറോട് അല്‍പം മുന്നോട്ടു കയറി നില്‍ക്കാന്‍ പറയുന്നതിനിടെയാണ് രാഹുലിന്റെ നാക്ക് പിഴച്ചത്.

പഞ്ചാബില്‍ രാഹുലിനെ കൂടാതെ കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍, കൃഷ്ണപ്പ ഗൗതം തുടങ്ങി മൂന്നു കര്‍ണാടക താരങ്ങളാണ് പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നത്. ഇവരില്‍ ആരെങ്കിലുമാകാം രാഹുല്‍ തെറി വിളിച്ചതെന്ന് ആരാധകര്‍ പറയുന്നു.

Image

മത്സരത്തില്‍ ഡല്‍ഹി മുന്നോട്ടു വെച്ച 158 റണ്‍സിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി രണ്ട് റണ്‍സ് നേടാനെ സാധിച്ചുള്ളു. മൂന്ന് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി മൂന്നാമത്തെ ബോളില്‍ ലക്ഷ്യം കണ്ടു.