ഐ.പി.എല്‍ 2020; ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ തീരുമാനം

ഐ.പി.എല്ലിന്റെ 13ാം സീസണ്‍ നാളെ തുടങ്ങാനിരിക്കെ ടീമുകള്‍ക്കും ആരാധകര്‍ക്കും സന്തോഷവാര്‍ത്ത. ഏകദിനം ടി20 പരമ്പരകള്‍ക്ക് ശേഷം യു.എ.ഇയ്ക്ക് വിമാനം കയറിയ ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങളുടെ ക്വാറന്‍റൈന്‍ കാലാവധി 36 മണിക്കൂറാക്കി ചുരുക്കി. ഇതോടെ  ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങളുടെ സാന്നിദ്ധ്യം ആദ്യ മല്‍സരം മുതല്‍ ഉറപ്പായി.

യു.എ.ഇയിലെ പ്രാദേശിക അധികാരികളുമായി അദ്ദേഹം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആറു ദിവസസത്തെ ക്വാറന്റീന്‍ 36 മണിക്കൂറായി ഇളവ് ചെയ്തു ലഭിച്ചത്. ഇംഗ്ലണ്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ രണ്ടു ടീമുകളിലെയും കളിക്കാര്‍ കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയിരുന്നു. ഇരുടീമില്‍ നിന്നുമായി 22 താരങ്ങളാണ് ഐ.പി.എല്ലില്‍ പങ്കെടുക്കുന്നത്.

13ാം സീസണ്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ യു.എ.ഇ പൂര്‍ണ്ണസജ്ജമായിരിക്കുകയാണ്. സ്റ്റേഡിയങ്ങള്‍ പൂര്‍ണമായും സന്ദര്‍ശിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സംഘവും ഒരുക്കത്തില്‍ മതിപ്പ് പ്രകടിപ്പിച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. ദുബായില്‍ 24 മത്സരങ്ങളും അബുദാബിയില്‍ 20 മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും നടക്കും.

IPL 2020: MI vs CSK
നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.