'വിരാട്, രോഹിത്, പൂജാര എന്നിവര്‍ക്ക് പകരം..': ടീം ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി സഞ്ജയ് മഞ്ജരേക്കര്‍. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ അഞ്ചാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 64 റണ്‍സിനും പരാജയപ്പെടുത്തി പരമ്പര 4-1ന് സ്വന്തമാക്കിയത്.

വിരാട് കോഹ്ലി, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര എന്നിവരില്ലാതെയാണ് ഇന്ത്യ പരമ്പരയില്‍ ഇറങ്ങിയത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ച് സംസാരിച്ച മഞ്ജരേക്കര്‍ കുല്‍ദീപിനെ അഭിനന്ദിച്ചു.

പരമ്പരയില്‍ ഇന്ത്യയുടെ ബോളിംഗാണ് വലിയ നേട്ടം. കുല്‍ദീപ് യാദവ് പരമ്പരയില്‍ മിടുക്കനായിരുന്നു. താന്‍ കളിച്ച ഏക ടെസ്റ്റില്‍ ആകാശ് ദീപ് മികച്ചുനിന്നു. ബുംറയും സിറാജും അറിയപ്പെടുന്ന പ്രകടനക്കാരാണ്.

ഇംഗ്ലണ്ടിനെതിരെ പുതിയ കളിക്കാര്‍ റണ്‍സിനായി വിശപ്പ് പ്രകടിപ്പിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമാണ് യഥാര്‍ത്ഥ ടെസ്റ്റ്. ഭാവിയില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ചേതേശ്വര് പൂജാര എന്നിവര്‍ക്ക് പകരം വരുന്നവരെയാണ് ഇന്ത്യ ആശ്രയിക്കുക- മഞ്ജരേക്കര്‍ പറഞ്ഞു.

നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 17-ാം ടെസ്റ്റ് പരമ്പര വിജയമാണിത്. അഞ്ച് കളിക്കാരാണ് ഈ പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയത്. ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ്, രജത് പതിദാര്‍ എന്നിവര്‍ക്ക് പരമ്പരയില്‍ ടെസ്റ്റ് ക്യാപ് ലഭിച്ചു.