പരിക്ക്: ധവാന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും ലോക കപ്പില്‍ നിന്ന് പുറത്ത്

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെ പരിക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ലോക കപ്പില്‍ നിന്ന് പുറത്ത്. കാല്‍വിരലിനേറ്റ പരിക്കാണ് യുവതാരത്തിന് വിനയായത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ബുംറയുടെ പന്ത് കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഇന്നലെ ഇംഗ്ലണ്ടുമായി നടന്ന മത്സരത്തില്‍ വിജയ് കളിച്ചിരുന്നില്ല.

പരിക്കിനെ തുടര്‍ന്ന് വിജയ്‌യുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ടൂര്‍ണമെന്റില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്നും ശങ്കര്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു. വിജയ് ശങ്കറിന് പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക താരമായ മായങ്ക് അഗര്‍വാള്‍ കഴിഞ്ഞ വര്‍ഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതു വരെയും ഏകദിനത്തില്‍ താരം ഇന്ത്യന്‍ ജെഴ്‌സിയില്‍ ഇറങ്ങിയിട്ടില്ല.

ലോക കപ്പില്‍ തന്റെ ആദ്യപന്തില്‍ തന്നെ വിക്കറ്റ് നേടി വരവറിയിച്ച വിജയ് ശങ്കര്‍ പിന്നീട് കാര്യമായി തിളങ്ങിയില്ല. അഫ്ഗാനെതിരായ മത്സരത്തില്‍ 41 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ താരത്തിന് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. പാകിസ്ഥാനെതിരെ 15 പന്തില്‍ അത്രതന്നെ റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ 5.5 ഓവര്‍ എറിഞ്ഞപ്പോള്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.