'പന്തിനോട് അങ്ങനെ ചെയ്യരുതായിരുന്നെന്ന് ഇന്ത്യന്‍ ഇതിഹാസം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനോട് ക്രീസിന് പുറത്തിറങ്ങി നിന്ന് ബാറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട അംപയര്‍മാരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഗവാസ്‌കര്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

പിച്ചിന്റെ ഏതു ഭാഗത്ത് കാല്‍പ്പാടു പതിയുമെന്നത് അനുസരിച്ചല്ല ബാറ്റ്‌സ്മാന്റെ സ്റ്റാന്‍സ് നിശ്ചയിക്കേണ്ടത്. പന്തിനോട് സ്റ്റാന്‍സ് മാറ്റാന്‍ അംപയര്‍മാര്‍ ആവശ്യപ്പെട്ടത് അതിശയിപ്പിച്ചു. ബാറ്റ്‌സ്മാന് എവിടെയും നില്‍ക്കാം. പിച്ചിന്റെ മധ്യത്തില്‍ പോലും. സ്പിന്നര്‍മാരെ ക്രീസില്‍ നിന്ന് ഇറങ്ങി നേരിടുമ്പോള്‍ പിച്ചില്‍ കാല്‍പ്പാട് പറ്റാറില്ലേയെന്നും ഗവാസ്‌കര്‍ ചോദിച്ചു.

പന്തിന്റെ സ്റ്റാന്‍സ് മാറ്റാന്‍ നിര്‍ദേശിച്ച അംപയര്‍മാര്‍ക്കെതിരെ മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തി. പരിഹാസ്യമെന്നാണ് മഞ്ജരേക്കര്‍ അംപയര്‍മാരുടെ ചെയ്തിയെ വിശേഷിപ്പിച്ചത്. ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് അംപയര്‍മാര്‍ ഋഷഭ് പന്തിന്റെ സ്റ്റാന്‍സില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടത്. പിച്ചിന്റെ അപകടകരമായ ഭാഗത്ത് കാല്‍പ്പാടുണ്ടാക്കുന്നു എന്നു വിലയിരുത്തിയായിരുന്നു നടപടി.