ഇന്ത്യന്‍ താരങ്ങളും 'ദ ഹണ്ട്രഡി'ലേക്ക്; പുറത്തു വരുന്ന സൂചനകള്‍ ഇങ്ങനെ

ഇംഗ്ലണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണില്‍ ഇന്ത്യന്‍ താരങ്ങളും പങ്കെടുക്കുമെന്ന് സൂചന. ഹണ്ട്രഡ് ലീഗിലെ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബി.സി.സി.ഐയും ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

സാധാരണ വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ അനുവാദം നല്‍കാറില്ല. ഇത് മറികടന്ന് വിദേശ ലീഗുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാകാനാവില്ല എന്നതാണ് ബി.സി.സി.ഐ പോളിസി. അത് കൊണ്ടു തന്നെ വിരമിക്കലിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കാറുള്ളത്.

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയില്‍ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപം. ‘ദ ഹണ്ട്രഡ്.’ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. പുരുഷ, വനിത വിഭാഗങ്ങളിലെ ടീമുകള്‍ റൗണ്ട് റോബിന്‍ ലീഗില്‍ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന.