നന്ദികേട് ശീലമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ്; ഒടുവിലെ ഇരകളും വമ്പന്‍മാര്‍

സുവര്‍ണ കാലത്ത് പ്രശംസകൊണ്ടും സമ്മാനങ്ങള്‍കൊണ്ടും ആവോളം മൂടുക…മോശം കാലത്ത് അവഗണനയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുക, ഇന്ത്യന്‍ ക്രിക്കറ്റ് പതിറ്റാണ്ടുകളായി തുടരുന്ന ശീലമാണിത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രമേ, കോടിക്കണക്കിന് ആരാധകരുടെ പിന്തുണയില്‍ അത്തരത്തിലെ ദൈന്യാവസ്ഥയുടെ സ്പര്‍ശനത്തില്‍ നിന്ന് രക്ഷപെട്ടിട്ടുള്ളു. കപില്‍ ദേവില്‍ തുടങ്ങി സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗും എം.എസ് ധോണിയും അടക്കമുള്ള മഹാരഥന്മാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് മേലാളന്‍മാരില്‍ നിന്ന് അത്തരത്തിലെ തിക്തഫലങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ പിന്തുടര്‍ന്ന പാത തന്നെയാണ് നഗര വൈരികള്‍ ഏറ്റുമുട്ടുന്ന ഐപിഎല്ലിലെ ഫ്രാഞ്ചൈസി ഉടമകളും സ്വീകരിക്കുന്നതെന്ന്, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ബാറ്റിംഗ് റെക്കോഡുകള്‍ ഏറെയുള്ള ഇടംകൈയന്‍ ജീനിയസുകളായ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും നേരിട്ട അനുഭവം വ്യക്തമാക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായി നടന്ന ഈ സീസണിന്റെ ഇതുവരെയുള്ള സ്ഥിതിഗതകള്‍ വിശകലനം ചെയ്യുമ്പോള്‍ ഗെയ്‌ലിനും വാര്‍ണര്‍ക്കും ഇത് അവസാനത്തെ ഐപിഎല്‍ ആകുമെന്നാണ് ആരാധകര്‍ കരുതുന്നത്. സീസണില്‍ ഏറെ അവഗണിക്കപ്പെട്ട താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിശ്വസ്തനായ ഓപ്പണറായിരുന്ന ഡേവിഡ് വാര്‍ണര്‍. കോവിഡ് ബാധമൂലം ഐപിഎല്‍ നിര്‍ത്തിവയ്ക്കുന്നതിന് മുന്‍പ് ഇന്ത്യയില്‍ നടന്ന മത്സരങ്ങളില്‍ തന്നെ വാര്‍ണര്‍ക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. ഹൈദരാബാദ് തുടര്‍ തോല്‍വി വഴങ്ങിയതോടെ വാര്‍ണറുടെ ക്യാപ്റ്റന്‍സിയും തെറിച്ചു. കുറച്ചുകാലമായി ഫ്രാഞ്ചൈസി ഉടമകളുമായി വാര്‍ണര്‍ അത്ര നല്ല രസത്തിലായിരുന്നില്ല. യുഎഇ ലെഗില്‍ വാര്‍ണര്‍ ടീമിനൊപ്പമുണ്ടെങ്കിലും അവസരം ലഭിച്ചത് ഒരു കളിയില്‍ മാത്രം.

2014 മുതല്‍ ഹൈദരാബാദിനൊപ്പം നില്‍ക്കുന്ന വാര്‍ണര്‍ ടീമിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ്. 528, 562, 848, 641, 692, 548 എന്നിങ്ങനെയാണ് വാര്‍ണര്‍ എസ്എര്‍എച്ചിനുവേണ്ടി ഇതിനു മുന്‍പത്തെ സീസണുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയത്. എന്നാല്‍ ഇക്കുറി വാര്‍ണര്‍ നിറംമങ്ങി. അതോടെ ടീം താരത്തെ പൂര്‍ണമായും തള്ളി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഹൈദരാബാദിന്റെ കൊടി വീശി വാര്‍ണര്‍ ഗാലറിയിലുണ്ടായിരുന്നു. അധികം അപമാനിക്കപ്പെടുമുന്‍പ് വാര്‍ണര്‍ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് ആരാധകരില്‍ ചിലരുടെ ആവശ്യം.

ഐപിഎല്‍ ടീമുകളുടെ കാര്യത്തില്‍ വാര്‍ണറോളം സ്ഥിരത പുലര്‍ത്തിയിട്ടില്ല ഗെയ്ല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തുടങ്ങിയ ഗെയ്ല്‍ പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ചേക്കേറി. ഏറെക്കാലം ആര്‍സിബിയുടെ തുറുപ്പുചീട്ടായിരുന്നു ഗെയ്ല്‍. റോയല്‍ ചലഞ്ചേഴ്‌സിന്റെ കുപ്പായത്തില്‍ നിരവധി ബാറ്റിംഗ് റെക്കോഡുകള്‍ തീര്‍ത്തിട്ടുണ്ട് ഗെയ്ല്‍.

2018ല്‍ പഞ്ചാബ് കിങ്‌സിലേക്ക് കൂടുമാറിയ ഗെയ്‌ലിന് ആര്‍സിബിയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെന്നു പറയാം. ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ ഇറങ്ങിയ ഗെയ്ല്‍ 193 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളു. യുഎഇയില്‍ രണ്ടു മത്സരങ്ങളില്‍ കളിച്ച ഗെയ്ല്‍ ടീം ഉടമകളെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ചില്ല.

Read more

ബയോബബിളിന്റെ സമ്മര്‍ദ്ദവും സ്വാതന്ത്ര്യക്കുറവും സഹിക്കുന്നതിനൊപ്പം ഇനിയുള്ള മത്സരങ്ങളില്‍ അവസരം ലഭിക്കില്ലെന്ന തിരിച്ചറിവും ഐപിഎല്ലിനോട് നേരത്തെ ബൈ പറയാന്‍ യൂണിവേഴ്‌സല്‍ ബോസിനെ പ്രേരിപ്പിച്ചിരിക്കാം. പിറന്നാള്‍ ദിനത്തിലെ മത്സരത്തില്‍ ഗെയ്‌ലിനെ കരയ്ക്കിരുത്തിയതിനെ ചിലരൊക്കെ ചോദ്യം ചെയ്തിരുന്നു. സൂപ്പര്‍ താരത്തിനോടുള്ള അവഗണനയായി ഇതു വിലയിരുത്തപ്പെട്ടു. ട്വന്റി20 ക്രിക്കറ്റിന്റെയും ഐപിഎല്ലിന്റെയും പ്രചാരത്തിന് ചെറുതല്ലാത്ത സംഭാവന നല്‍കിയ ഗെയ്‌ലിന് നല്ലൊരു യാത്രയയപ്പ് പഞ്ചാബ് കിങ്‌സ് നല്‍കേണ്ടതായിരുന്നെന്ന് അഭിപ്രായപ്പെടുന്നവരും ചില്ലറയല്ല.