കടുവക്കൂട്ടില്‍ ഹിറ്റ്മാന്‍ ഷോ; കലിപ്പടക്കി ഓപ്പണിംഗ് സഖ്യം

ബംഗ്ലാദേശിനെതിരായ ലോക കപ്പ് മത്സരത്തില്‍ രോഹിത്ത് ശര്‍മ്മയ്ക്ക് സെഞ്ച്വറി. 90 പന്തുകളിലാണ് രോഹിത്തിന്റെ സെഞ്ച്വറി നേട്ടം. ഇതോടെ ഒരു ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിനൊപ്പം രോഹിത്ത് എത്തി. നാല് സെഞ്ച്വറികളാണ് രോഹിത്ത് ഈ ലോക കപ്പില്‍ നേടിയിരിക്കുന്നത്. ഈ നേട്ടത്തില്‍ കുമാര്‍ സംഗക്കാരയാണ് രോഹിത്തിന് ഒപ്പമുള്ളത്. ഏകദിനത്തില്‍ രോഹിത്തിന്റെ 26-ാം സെഞ്ചുറിയാണിത്.

92 പന്തുകളില്‍ 5 സിക്‌സറുകളുടെയും 7 ബൗണ്ടറികളുടെയും അകമ്പടിയില്‍ 104 റണ്‍സ് നേടിയ രോഹിത്ത് സൗമ്യ സര്‍ക്കാരിന്റെ ബോളില്‍ പുറത്തായി. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 180 റണ്‍സാണ് പിറന്നത്. നിലവില്‍ 31 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 91 ബോളില്‍ 77 റണ്‍സുമായി രാഹുലും ഒരു റണ്‍സുമായി കോഹ്ലിയുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ കുല്‍ദീപിനെയും കേദാര്‍ ജാദവിനെയും പുറത്തിരുത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കും പരിക്കു മൂലം പുറത്തിരുന്ന ഭുവനേശ്വര്‍ കുമാറും ടീമിലിടം നേടി.