സംപൂജ്യനായി കോഹ്ലി, അര്‍ദ്ധസെഞ്ച്വറിയുമായി പൂജാരയും അഗര്‍വാളും, ഇന്ത്യയ്ക്ക് ലീഡ്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ലീഡ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 150 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി ഓപ്പണര്‍ മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും അര്‍ദ്ധസെഞ്ച്വറി നേടി.

135 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതം 72 റണ്‍സുമായി അഗര്‍വാള്‍ ബാറ്റിംഗ് തുടരുകയാണ്. 72 പന്തില്‍ ഒന്‍പത് ഫോറടക്കം പൂജാര 54 റണ്‍സെടുത്തു. അതെസമയം നായകന്‍ വിരാട് കോഹ്ലി പൂജ്യനായി മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ കോഹ്ലി അബു ജയേന്തിന്റെ പന്തില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു. ആദ്യ ദിനം ആറ് റണ്‍സെടുത്ത് രോഹിത്ത് ശര്‍മ്മയും പുറത്തായിരുന്നു. 22 റണ്‍സുമായി രഹാന അഗര്‍വാളിന് കൂട്ടായ ക്രീസിലുണ്ട്.

ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീ തുപ്പിയപ്പോള്‍ “കടുവകള്‍” ഒരു ദിവസം പോലും പിടിച്ചുനില്‍ക്കാതെ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ഉമേശ് യാദവും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ടീം സ്‌കോര്‍ 12ല്‍ എത്തിനില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

ബംഗ്ലാദേശ് നിരയില്‍ 43 റണ്‍സെടുത്ത മുഷ്ഫിഖു റഹമാനും 37 റണ്‍സെടുത്ത മുഹമിനുല്‍ ഹഖുമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ലിറ്റില്‍ദാസ് 21 റണ്‍സെടുത്തു. ഷദ്മാന്‍ ഇസ്ലാം (6) ഇമ്രുല്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13) മുഹമ്മദുല്ലാഹ് (10) മെഹ്ദി ഹസന്‍ (0) താജുല്‍ ഇസ്ലാം (1) ഇബാദത്ത് ഹുസൈന്‍ (2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.

മൂന്ന് പേസര്‍മാരേയും ഒരുമിച്ചാണ് ടീം ഇന്ത്യ കളത്തിലിറക്കിയത്. പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് നായകന്‍ കോഹ്ലി പ്രതികരിച്ചു. ഷഹ്ബാസ് നദീം ആണ് ഇതോടെ ടീമില്‍ നിന്നും പുറത്തായത്.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ പകലും രാത്രിയിലുമായി നടക്കും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്.