ഹാർദിക്കിന്റെ പരിക്ക് വാർത്തകൾക്ക് ഇടയിലും തളരാതെ ഇന്ത്യ, കടുവകൾക്ക് എതിരെ ജയിക്കാൻ 257 റൺസ്

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023 ന്റെ നിലവിലെ പതിപ്പിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് 257 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് കിട്ടിയ മികച്ച തുടക്കമാണ് അവരെ 256/8 നേടാൻ സഹായിച്ചത്.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ബംഗ്ലാദേശ് നിരയിൽ ഇന്ന് നായകൻ ഷക്കീബ് അൽ ഹസൻ കളിച്ചിരുന്നില്ല. പകരം നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടീമിനെ നയിച്ചത് . ഓപ്പണിങ് വിക്കറ്റിൽ തന്സിത് ഹസൻ- ലിറ്റൻ ദാസ് സഖ്യം അവർക്ക് മികച്ച തുടക്കമാണ് നൽകിയത് . ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 93 വിക്കറ്റ് ചേർത്തു. തന്സിത് 51 റൺ നേടി വലിയ സ്കോർ ലക്ഷ്യമാക്കി കുതിക്കാൻ പോയ സമയത്ത് അദ്ദേഹത്തെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതിനിടയിൽ ഹാര്ദിക്ക് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. പകരം താക്കൂറിനെ ഇന്ത്യക്ക് ഉപയോഗിക്കേണ്ടി വന്നു. ഇത് ബംഗ്ലാദേശിനെ സഹായിച്ചെന്ന് പറയാം.

തന്സിത് മടങ്ങിയ ശേഷം ഷാന്റോ ( 8 ). മെഹിദി ഹസൻ (3 ) എന്നിവരും വൈകാതെ മടങ്ങി. ഓപ്പണറായി ഇറങ്ങി മികച്ച അര്ധ സെഞ്ച്വറി നേടിയ ലിറ്റൻ ദാസ് ( 66 ) മടങ്ങിയ ശേഷം മുസ്ഫിഖർ- മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ കരകയറ്റി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളറുമാർ ബംഗ്ലാദേശിനെ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചില്ല.  മുസ്ഫിഖർ 38 റൺ നേടിയപ്പോൾ മഹമ്മദുള്ള 46 റൺ നേടി. ഇന്ത്യൻ ബോളറുമാരിൽ ബുംറ സിറാജ് ജഡേജ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ താക്കൂർ കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എംസിഎ സ്റ്റേഡിയം ബാറ്ററുമാരുടെ പറുദീസാ ആയിട്ടാണ് കണക്കാക്കുന്നത്. മത്സരത്തിലുടനീളം ബാറ്റർമാർക്ക് പിച്ച് മികച്ച പിന്തു നൽകും. 7 ഏകദിനങ്ങൾ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഈ മത്സരങ്ങളിൽ, ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്‌കോർ 307 ആണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് അധികം വിജയ സാധ്യത. 7 മത്സരങ്ങളിൽ 4 എണ്ണം വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

2017ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 356/2 ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന സ്‌കോർ. 2013-ൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ 232 ആണ് ഏറ്റവും കുറഞ്ഞ സ്‌കോർ. രണ്ട് വർഷത്തിന് ശേഷമാണ് ഇവിടെ ഒരു മത്സരം നടക്കുന്നത് എന്നതിനാൽ പിച്ച് എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.