ഇന്ത്യയുടെ മിന്നും ജയം; ഇംഗ്ലണ്ടിന് മാത്രമല്ല, പാകിസ്ഥാനും പണികൊടുത്തു!

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം സ്‌കോറുകളിലൊന്നില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യ ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ഈ ജയത്തോടെ ഐസിസി ഏകദിന റാങ്കിംഗിലും ഇന്ത്യ നേട്ടമുണ്ടാക്കി. റാങ്കിംഗില്‍ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

ആദ്യ ഏകദിനത്തില്‍ തോറ്റെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് രണ്ടാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയിന്റോടെ കിവീസാണ് ഒന്നാം സ്ഥാനത്ത്. 108 റേറ്റിംഗ് പോയിന്റ് ആണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാനാകട്ടെ 106 റേറ്റിംഗ് പോയിന്റും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 111 റണ്‍സാണ് വിജയലക്ഷ്യമായി ഇന്ത്യക്കു മുന്നില്‍ വച്ചത്. ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബോളിംഗായിരുന്നു ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമി അദ്ദേഹത്തിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ കുറച്ച് ഓവറുകളില്‍ റണ്ണെടുക്കാന്‍ വിഷമിച്ചെങ്കിലും പിന്നീട് രോഹിത്- ശിഖര്‍ ധവാന്‍ ജോടി കത്തിക്കയറി. 18.4 ഓവറില്‍ തന്നെ ഇന്ത്യ വിജയറണ്‍ കുറിച്ചു രോഹിത് 76ഉം ധവാന്‍ 31ഉം റണ്‍സെടുത്തു.