92 ബോളില്‍ ലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ, കിരീടം ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രം അകലെ

ഏഷ്യാ കപ്പ് ഫൈനലില്‍  ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 51 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ടായി. ഏഴോവറില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ 2.2 ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദശന്‍ ഹേമന്ദ 13 റണ്‍സെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങള്‍ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ ലങ്കയ്ക്ക് ആയില്ല.

മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. ബംഗ്ലാദേശിനെതിരെ ഇറങ്ങിയ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലിടം പിടിച്ചു.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശ പതിരണ.

Read more

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.