കണ്ണുകള്‍ ഇറുക്കിയടച്ച, ചങ്കിടുപ്പ് അതിവേഗത്തിലായ ദുരന്തനിമിഷം; മാഞ്ചസ്റ്ററിലെ കണ്ണീര്‍ക്കാഴ്ചയ്ക്ക് ഒരു വയസ്

സാന്‍ കൈലാസ്

അവസാന പ്രതീക്ഷയും ചിറകറ്റ് വീണു. അതുവരെ പ്രതീക്ഷയോടെ ആര്‍ത്തു വിളിച്ചിരുന്ന സ്‌റ്റേഡിയം നിശ്ശബ്ദമായി. വീടുകളിലിരുന്ന ആരാധകര്‍ മുഖംപൊത്തി കണ്ണുകള്‍ ഇറുക്കിയടച്ചു. അതിനും വയ്യാത്തവര്‍ ടിവി ഓഫ് ചെയ്തു മഹാമൗനത്തിലാണ്ടു. കോടി ജനങ്ങളുടെ സ്വപ്‌നമായ പളുങ്കുപാത്രം നിലത്തിട്ടുടച്ച കുറ്റബോധത്തോടെ ഇനിയൊരു തിരിച്ചുവരവില്ലെന്ന മൗനഭാഷ്യത്തോടെ തലകുനിച്ച് ആ മനുഷ്യന്‍ പവലിയനിലേക്ക് നീങ്ങുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ ദിവസം കിവീസിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ ബാറ്റിംഗ് ക്രീസിലെ ധോണിയുടെ വിക്കറ്റ് തെറിപ്പിച്ച ദുരന്തനിമിഷം ഓര്‍ത്തെടുക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകന് ഇതെല്ലാം ഒരു സിനിമാകഥയെന്ന പോലെ മനസ്സില്‍ വന്നു പോവുകയാണ്.

ആവേശം അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ സെമി പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനോടു 18 റണ്‍സിന് തോറ്റാണ് ഇന്ത്യ ലോക കപ്പ് ഫൈനല്‍ കാണാതെ പുറത്തായത്. മഴ മൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട സെമി പോരാട്ടത്തില്‍ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ച്ചയായ രണ്ടാം ലോക കപ്പിലും ഇന്ത്യയുടെ ഉശിരന്‍ കുതിപ്പ് സെമിയിലെത്തി തണുത്തുറച്ചു.

World Cup 2019 semi-final: Virat Kohli reacts to reporter

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടത്തോടെ കൂടാരം കയറിയതോടെ ഇന്ത്യന്‍ ആരാധകര്‍ വന്‍ദുരന്തം കണ്മുമ്പില്‍ കണ്ടു. എന്നാല്‍ ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മഹേന്ദ്രസിംഗ് ധോണി രവീന്ദ്ര ജഡേജ സഖ്യം പ്രതീക്ഷ നല്‍കി. എന്നാല്‍ അവരും ആരാധകരെ മോഹിപ്പിച്ചിട്ട് കടന്നു കളഞ്ഞു. അവസാന ഓവറുകളില്‍ കൂടിക്കൂടി വന്ന ഉയര്‍ന്ന റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇരുവരും വമ്പനടികള്‍ക്കു ശ്രമിച്ചാണ് പവലിയനിലേക്ക് മടങ്ങിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഇത്തിരി കൂടി കരുതല്‍ അല്ലെങ്കില്‍ പേരുകേട്ട മുന്‍നിരയുടെ ഒരുപടി കൂടിയെങ്കിലും റണ്‍സഹായം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു.

India vs New Zealand, World Cup 2019 semi-final: What happens if ...

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ (ഒന്ന്), അഞ്ചു റണ്‍സ് ഉള്ളപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി (ഒന്ന്), ലോകേഷ് രാഹുല്‍ (ഒന്ന്) എന്നിവരുടെ മടക്കം തകര്‍ച്ചയുടെ സുശക്തമായ മുന്നറിയിപ്പ് തന്നെയായിരുന്നു. ചെറുത്തുനില്‍പ്പിനു ശ്രമിച്ച ദിനേഷ് കാര്‍ത്തിക് സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ പവലിയനിലെത്തി. 25 പന്തില്‍ ആറു റണ്‍സായിരുന്നു കാര്‍ത്തിക്കിന്റെ സമ്പാദ്യം. ചെറുത്തുനില്‍പ്പിനു ശ്രമിച്ച ഋഷഭ് പന്ത് (56 പന്തില്‍ 32), ഹാര്‍ദിക് പാണ്ഡ്യ (62 പന്തില്‍ 32) എന്നിവര്‍ പിന്നെയും ക്ഷമ കാട്ടി.

India vs New Zealand Semi Final: Billion Dreams End, India Exit ...

അവസാന ഓവര്‍ വരെ ഇന്ത്യയുടെ ശിഥിലമോഹങ്ങളെ തോളിലേറ്റി കുതിച്ച ആ കാലുകള്‍ക്ക് നിമിഷ നേരത്തേക്ക് ഒന്ന് വേഗം കുറഞ്ഞു. 49-ാം ഓവറിലെ ആദ്യ പന്ത് സിക്സറടിച്ച ധോണി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോ…. പിന്നെ നടന്ന കാഴ്ചകള്‍ കാണുവാന്‍ ആരാധകരില്‍ പലരും കണ്ണുകള്‍ തുറന്നില്ല. ഗാലറികള്‍ ശബ്ദിച്ചില്ല. ഇന്നും മൗനത്തിന്റെ വര്‍ണ്ണത്തില്‍ ചാലിച്ച് ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ദുരന്തം.