ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് കളം ഒരുങ്ങി, മത്സരം സെപ്റ്റംബറിൽ

2023 ഏഷ്യാ കപ്പിന്റെ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനുള്ള കളം ഒരുങ്ങുന്നു. രണ്ട് അയൽ രാജ്യങ്ങൾ തമ്മിൽ വല്ലപ്പോഴും മാത്രമാണ് ഏറ്റുമുട്ടാറുള്ളത്. അതിനാൽ തന്നെ ഈ മത്സരത്തെ വലിയ ആവേശത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2023ലെ ഏഷ്യാ കപ്പിലും കഴിഞ്ഞ രണ്ട് എഡിഷനുകളിലുടനീളമുള്ള അതേ ഫോർമാറ്റ് തന്നെയാണ് നിലനിൽക്കുക. 16-ാം പതിപ്പിൽ ആകെ 13 മത്സരങ്ങളാണുള്ളത്, അതിൽ തുടർന്നുള്ള സൂപ്പർ 4 ഘട്ടവും ഫൈനലും നടക്കും

ടൂർണമെന്റ് സെപ്തംബറിൽ നടക്കും, ഒക്ടോബർ-നവംബർ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട്, ഈ വര്ഷം 50 ഓവർ മത്സരങ്ങൾ ആയിരിക്കും ഉണ്ടാവുക. ലോകകപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഒരുക്കങ്ങൾക്കും രാജ്യങ്ങളെ ഇത് സഹായിക്കും.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് ജയ് ഷാ 2023-24 വർഷത്തേക്കുള്ള ക്രിക്കറ്റ് കലണ്ടർ പുറത്തിറക്കി, ഒപ്പം അസോസിയേറ്റ് രാജ്യങ്ങൾക്ക് മത്സരത്തിൽ ഇടം നേടാനുള്ള വഴിയും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതിനാൽ, പ്രീമിയർ കപ്പിലെ വിജയിക്ക് അന്തിമ സ്ഥാനം നൽകും.