ഏകദിന ലോകകപ്പ്: വിറപ്പിച്ച് ന്യൂസിലാന്‍ഡ്, അരിഞ്ഞു വീഴ്ത്തി ഷമി, കണക്കുകള്‍ തീര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റണ്‍സിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് അവസാനിച്ചു.

സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചെലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മിച്ചെല്‍ 119 ബോളില്‍ 7 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടയില്‍ 134 റണ്‍സെടുത്തു. നായകന്‍ കെയ്ന്‍ വില്യംസണ്‍ 69, ഗ്ലെന്‍ ഫിലിപ്‌സ് 41 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ഷമി 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ബുംറ, കുല്‍ദീപ്, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ  50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് നേടിയിരുന്നു. വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറി മികവിലാണ് ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തിയത്. കോഹ്‌ലി 113 പന്തിൽ 117 റൺസ് നേടി .  70 പന്തിൽ 105 റൺ നേടിയ ശേഷമാണ് അയ്യർ പുറത്തായത്. പരിക്ക് കാരണം ഗിൽ 66 പന്തില്‍ 80 റൺസ് നേടി.

അവസാന ഓവറിൽ രാഹുൽ 39 ( 20 ) നടത്തിയ വെടിക്കെട്ടിൽ ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തി. കിവീസിനായി സൗത്തീ മൂന്നും ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. ഞായറാഴ്ചയാണ് ഫൈനല്‍ പോരാട്ടം. നാളെ നടക്കാനിരിക്കുന്ന ഓസീസ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി മത്സരത്തിലെ വിജയികളെയാവും ഇന്ത്യ ഫൈനലില്‍ നേരിടുക.