'കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഐ.പി.എല്‍ ടീമിന്റെ സി.ഇ.ഒയ്ക്ക് സന്ദേശങ്ങള്‍ അയച്ചു'; അയേഷയ്‌ക്ക് എതിരെ ധവാന്‍

തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് മുന്‍ ഭാര്യ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കോടതിയെ സമീപിച്ചു. ധവാന്റെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതി താരത്തിന്റെ മുന്‍ഭാര്യായ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള നാല്‍പ്പത്തേഴുകാരിയായ അയേഷ മുഖര്‍ജിയെ താരത്തിനെതിരെ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിലക്കി.

തനിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍, ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സിഇഒ ധീരജ് മല്‍ഹോത്രയ്ക്ക് അയേഷ മുഖര്‍ജി അയച്ചതായി ധവാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

താരത്തിനെതിരെ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിലക്കിയെങ്കിലും ധവാനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, അത് ഉചിതമായ വേദിയില്‍ ഔദ്യോഗികമായിത്തന്നെ ഉന്നയിക്കാന്‍ അയേഷ മുഖര്‍ജിയോട് കോടതി നിര്‍ദ്ദേശിച്ചു.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാള്‍ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ഇവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2021 ലാണ് ഇരുവരപം വേര്‍പിരിഞ്ഞത്.