IND vs SA: ആ പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില, രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ശാസ്ത്രി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിംഗ് ഡേ ടെസ്റ്റിലെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തി പ്രകടിപ്പിച്ചു മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. രണ്ടാം ദിവസത്തെ മത്സരത്തില്‍ ഉച്ചഭഷണത്തിനു സേഷമുള്ള സെക്ഷനില്‍ രോഹിത് എടുത്ത തീരുമാനമാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിനു 49 റണ്‍സെന്ന നിലയിലായിരുന്നു ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്. 29 റണ്‍സുമായി ഡീന്‍ എല്‍ഗറും 12 റണ്‍സെടുത്ത ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. ലഞ്ച് ബ്രേക്കിനു പിന്നാലെ അനുകൂലമായ ഓവര്‍ഹെഡ് സാഹചര്യങ്ങളും പിച്ച് ചലനങ്ങളും ഉണ്ടായിരുന്നിട്ടും പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ തഴഞ്ഞ രോഹിത് പകരം ഷാര്‍ദുല്‍ താക്കൂറിനും അരങ്ങേറ്റക്കാരന്‍ പ്രസീദ് കൃഷ്ണയ്ക്കുമാണ് പന്ത് നല്‍കിയത്. ഈ നീക്കത്തിന്റെ ഫലമായി ഡീന്‍ എല്‍ഗറും ടോണി ഡി സോര്‍സിയും ബൗണ്ടറികളുടെ കുത്തൊഴുക്കില്‍ ഇന്ത്യയെ പിന്നോട്ടടിച്ചു.

ഇത് രോഹിത് കാണിച്ച വലിയ പിഴവാണെന്നും കളിയുടെ ആ സെഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് എതിരാളികളെ അനുവദിച്ചെന്നും കമന്ററിക്കിടെ ശാസ്ത്രി പറഞ്ഞു. ബുംറയെയും സിറാജിനെയും ടീമിലെത്തിക്കാനുള്ള രോഹിത് ശര്‍മ്മയുടെ വൈകിയ തീരുമാനം ദക്ഷിണാഫ്രിക്കയെ അവരുടെ ഒന്നാം ഇന്നിംഗ്സില്‍ 91/1 എന്ന നിലയില്‍ എത്തിച്ചു.

ബുംറയും സിറാജും മടങ്ങിയെത്തിയതോടെ വൈകാതെ കാത്തിരുന്ന ബ്രേക്ക്ത്രൂ ഇന്ത്യക്കു ലഭിച്ചു. 28 റണ്‍സെടുത്ത ഡിസോര്‍സിയെ ബുംറയുടെ ബോളിംഗില്‍ യശസ്വി ജയ്സ്വാള്‍ പിടികൂടുകയായിരുന്നു. തന്റെ അടുത്ത ഓവറില്‍ പുതുതായി ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്സനെ (2) ബുംറ ബൗള്‍ഡാക്കുകയും ചെയ്തു. ഇതോടെ കളിയിലേക്കു ഇന്ത്യ തിരികെ വന്നു. എന്നാല്‍ ഡീന്‍ എല്‍ഗര്‍ സെഞ്ച്വറി നേടി ക്രീസില്‍ തുടരുകയാണ്. സെഷന്റെ തുടക്കം മുതല്‍ ബുംറയോ സിറാജോ ബോള്‍ ചെയ്തിരുന്നെങ്കില്‍ കളി മറ്റൊരു നിലയിലായേനെ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 245 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 256 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റ് ശേഷിക്കെ 11 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ഡീന്‍ എല്‍ഗറും (140) മാര്‍ക്കോ യാന്‍സനുമാണ് (3) ക്രീസില്‍.