IND vs SA: 'അഞ്ചാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു സെഞ്ച്വറി നേടിയത് 44-ാം ഓവറില്‍'; സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു

വ്യാഴാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയെ പ്രശംസിച്ച് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 114 പന്തില്‍ 108 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

6 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയാണ് സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. തന്റെ സാധാരണ മധ്യനിര സ്ഥാനത്തേക്കാള്‍ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ലോട്ടിലാണ് അദ്ദേഹം ക്രീസിലെത്തിയത്. സാംസണ്‍ തന്റെ പതിവ് സ്വഭാവത്തിന് വിരുദ്ധമായി പതുക്കെ തട്ടി കളിച്ചുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

80 പന്തില്‍ സഞ്ജു സാംസണ്‍ 100 റണ്‍സ് നേടിയിരുന്നെങ്കില്‍, സഞ്ജു നന്നായി ചെയ്തുവെന്ന് നിങ്ങള്‍ പറയുമായിരുന്നു! പക്ഷേ, അഞ്ചാം ഓവറില്‍ ബാറ്റിംഗിന് ഇറങ്ങിയ അദ്ദേഹം 44-ാം ഓവറില്‍ 100 റണ്‍സ് നേടി ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കളിച്ചു. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തിന് വിരുദ്ധമായി തോന്നുന്നു. സാംസണോടുള്ള എന്റെ ആരാധന ഇന്ന് ഗണ്യമായി വര്‍ദ്ധിച്ചു- സഞ്ജയ് മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.

സഞ്ജുവിന്റെ സെഞ്ചുറിത്തികവില്‍ ഇന്ത്യ ജയത്തിനൊപ്പം പരമ്പരയും പിടിച്ചു. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം തൊടാനാവാതെ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 -ന് പുറത്തായി. ഇന്ത്യക്ക് 78 റണ്‍സിന്റെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. സഞ്ജു തന്നെയാണ് കളിയിലെ താരവും.