ന്യൂസിലൻഡിനെതിരായി വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ നിന്ന് ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ തിലക് വർമ്മ പുറത്തായതായി റിപ്പോർട്ട്. താരം ടെസ്റ്റികുലാർ ടോർഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നാണ് വിവരം. ഇതിനാൽ തിലകിന് വീണ്ടും കളത്തിലിറങ്ങാൻ കുറഞ്ഞത് നാല് ആഴ്ചത്തെ വിശ്രമം എങ്കിലും ആവശ്യമാണ്. ഇത് ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് താരത്തെ ആശങ്കയിലാക്കി.
അതേസമയം, ശ്രേയസ് അയ്യർ പകരക്കാരനായി ഉയർന്നുവന്നിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതനായ ശേഷം അടുത്തിടെ തിരിച്ചുവന്ന അയ്യർ, ടി20 ടീമിലും ഇടം നേടാൻ സാധ്യതയുണ്ട്. ഔദ്യോഗികമല്ലെങ്കിലും, തിലകിന് പകരക്കാരനായി മുംബൈ ബാറ്റർ മുൻനിരയിൽ എത്തിയിട്ടുണ്ട്. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ ടീമിനെ പ്രതിനിധീകരിച്ചത്.
2025 ലെ ഐപിഎൽ ഫൈനലിലേക്ക് പഞ്ചാബ് കിംഗ്സിനെ നയിച്ച അയ്യർ, ആ സീസണിൽ 583 റൺസ് നേടിയതിന് ശേഷവും ദേശീയ ടി20 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ വ്യാപകമായ ചർച്ചകൾ നടന്നിട്ടുണ്ട്. അയ്യറിനോടുള്ള നിരന്തരമായ അവഗണനയ്ക്കിടയിൽ സെലക്ടർമാരുടെ പക്ഷപാതപരമായ സമീപനത്തെക്കുറിച്ചുള്ള കഥകളും നിരവധി ക്രിക്കറ്റ് വിദഗ്ദ്ധർ ഉദ്ധരിച്ചു. എന്നിരുന്നാലും, 31-കാരനായ അയ്യറിന് ഒടുവിൽ സമയം വന്നതായി തോന്നുന്നു.
പരിക്കിൽനിന്ന് മുത്കതായി തിരിച്ചെത്തിയ താരത്തിന് ശ്രേയസിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. ഇതോടെ ജനുവരി 11 ന് വഡോദരയിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പായി.
ജനുവരി 3 ന് പ്രഖ്യാപിച്ച ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിത്തം മെഡിക്കൽ ക്ലിയറൻസിന് വിധേയമായിരുന്നു. 2025 ഒക്ടോബർ അവസാനം സിഡ്നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ശേഷം താരം കളത്തിന് പുറത്തായിരുന്നു.
Read more
ജനുവരി 6 ന് മത്സര ക്രിക്കറ്റിലേക്ക് അയ്യർ തിരിച്ചെത്തി. 2025-26 ലെ വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയെ നയിച്ചു. മത്സരത്തിൽ 53 പന്തിൽ നിന്ന് 82 റൺസ് നേടി താരം തന്റെ തിരിച്ചവരവ് അറിയിച്ചു.







