IND vs ENG: 'രോഹിത്തിന്റെ ക്യാപ്റ്റന്‍സി പോരാ'; വിമര്‍ശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ ഇന്ത്യ സര്‍വ്വാധിപത്യം നേടിയിട്ടും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിനെ വിമര്‍ശിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഒന്നാം ദിനം രോഹിത് വലിയൊരു മണ്ടത്തരം കാട്ടിയെന്നും അല്ലെങ്കില്‍ ഇംഗ്ലണ്ട് 200നുള്ളില്‍ ഒതുങ്ങുമായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നുവെന്ന് പറയുന്നില്ല. എട്ട് ഓവറുകള്‍ പേസര്‍മാര്‍ പന്തെറിയുകയും 41 റണ്‍സ് ഇംഗ്ലണ്ട് നേടുകയും ചെയ്ത ശേഷമാണ് സ്പിന്നറെ കൊണ്ടുവരുന്നത്. ഇത് മികച്ച ക്യാപ്റ്റന്‍സിയാണെന്ന് എനിക്ക് അഭിപ്രായമില്ല.

അതേ പോലെ തന്നെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സും വലിയ പിഴവാണ് കാട്ടിയത്. ടോം ഹാര്‍ട്ട്ലിയെപ്പോലൊരാള്‍ക്ക് തുടര്‍ച്ചയായി പന്ത് നല്‍കരുതായിരുന്നു. യശ്വസി ജയ്സ്വാളിനെതിരേ സ്പിന്നുമായി പോകുമ്പോള്‍ ശ്രദ്ധിക്കണം.

അപകടകാരിയായ ബാറ്റ്സ്മാനാണവന്‍. ജാക്ക് ലീച്ചിനെ ഉപയോഗിച്ച് ഇംഗ്ലണ്ട് തുടങ്ങണമായിരുന്നു. അനുഭവസമ്പന്നനായ സ്പിന്നറാണവന്‍. ജോ റൂട്ടിനെ ഉപയോഗിച്ചിരുന്നെങ്കിലും ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു- മഞ്ജരേക്കര്‍ പറഞ്ഞു.

അദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ടീം 246 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അശ്വിനും ജഡേജയും 3 വിക്കറ്റ് വീതവും അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.