IND vs ENG: ബോളിംഗില്‍ തകര്‍പ്പന്‍ മാറ്റം വരുത്തി ആന്‍ഡേഴ്‌സണ്‍, ഇന്ത്യയ്ക്ക് അപായ മുന്നറിയിപ്പ്

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റ് ലോകത്തിനും ഇംഗ്ലണ്ട് ക്രിക്കറ്റിനും വേണ്ടി ചെയ്തതിന് ആമുഖം ആവശ്യമില്ല. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ബോളര്‍മാരുടെ പട്ടികയിലെ ആദ്യ മൂന്ന് ബൗളര്‍മാരില്‍ ഒരാളായ ആന്‍ഡേഴ്‌സണ്‍ 183 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 690 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 700 ക്ലബ്ബില്‍ ചേരാന്‍ 10 വിക്കറ്റുകള്‍ മാത്രം അകലെയാണ് ആന്‍ഡേഴ്‌സണ്‍. ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് സമനിലയിലാക്കാന്‍ അദ്ദേഹത്തിന് 18 വിക്കറ്റ് മാത്രം മതി.

ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ ആന്‍ഡേഴ്സണ്‍ നിറം മങ്ങിയതായി കാണപ്പെട്ടു. 4 മത്സരങ്ങളില്‍ നിന്ന് 85.40 എന്ന ദയനീയ ശരാശരിയില്‍ 5 വിക്കറ്റ് മാത്രമാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്. ഇനി ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്.

ജെയിംസ് ആന്‍ഡേഴ്‌സണിന് ഇന്ത്യന്‍ പര്യടനത്തിനായി തയ്യാറെടുക്കാന്‍ ധാരാളം സമയം ഉണ്ടായിരുന്നു. ഈ കാലയളവില്‍, ആന്‍ഡേഴ്‌സണ്‍ തന്റെ റണ്‍-അപ്പിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ദി ടെലിഗ്രാഫിനോട് സംസാരിക്കുമ്പോള്‍, തന്റെ റണ്‍അപ്പാണ് പ്രധാനകാര്യമെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 2023 ലെ ആഷസില്‍ തന്റെ റണ്‍-അപ്പ് വേഗത ശരിയായിരുന്നില്ലെന്നും ഫീല്‍ഡിന് പുറത്തായിരുന്ന കാലയളവില്‍ താന്‍ വളരെയധികം പരിശീലനത്തിലായിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

ആഷസിലെ എന്റെ പ്രകടനത്തിലേക്കാണ് ഞാന്‍ ഉറ്റുനോക്കിയത്. ഞാന്‍ മോശമായാണ് പന്തെറിഞ്ഞതെന്ന് കരുതുന്നില്ല. എന്നാല്‍ ആര്‍ക്കും വലിയ ഭീഷണിയാകുന്ന ബോളിംഗ് കാഴ്ചവെച്ചതായും കരുതുന്നില്ല. പന്തിന് വലിയ സ്വിംഗ് ലഭിച്ചിരുന്നില്ല. എന്റെ ശൈലിക്ക് അനുയോജ്യമായ പിച്ചായിരുന്നില്ല അത്. എന്നാല്‍ ഇത്തരം പിച്ചുകളില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടാന്‍ ആഗ്രഹിക്കുന്ന ബോളറാണ് ഞാന്‍.

ഇന്ത്യയിലും പേസര്‍മാര്‍ക്ക് അത്ര എളുപ്പമല്ല. എന്നാല്‍ അവിടെ എനിക്ക് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാനായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് കളിക്കാനാണ് ശ്രമിക്കുന്നത്. എന്റെ റണ്ണപ്പാണ് പ്രധാന കാര്യം. അതിനെ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

എന്നാല്‍ എന്റെ റണ്ണപ്പിന്റെ സ്പീഡ് ഉയര്‍ത്തുകയല്ല ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വരുത്തിയിരിക്കുന്ന മാറ്റം എനിക്ക് മികച്ച ഫലം നല്‍കുകയും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുന്നു- ആന്‍ഡേഴ്സന്‍ പറഞ്ഞു.