IND VS ENG: നിങ്ങളെ എങ്ങനെ കുറ്റംപറയും, ഇതൊക്കെ കണ്ടാൽ ആരായാലും പേടിക്കും; കോഹ്‌ലിയെ ട്രോളി കൗണ്ടി ക്രിക്കറ്റ്; വീഡിയോ കാണാം

വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച വാർത്തകളും തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുമ്പുതന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് പാഡഴിക്കുമെന്ന വാർത്തകൾ വരുന്നുണ്ട്. താരം ഇപ്പോൾ ടെസ്റ്റിൽ നിന്ന് വിരമിക്കരുതെന്നും ഇംഗ്ലണ്ട് പര്യാടനത്തിൽ ടീമിൽ ഉണ്ടാകണം എന്ന ആവശ്യവും ശക്തമാണ്.

എന്തായാലും വിരമിക്കാൻ ഒരുങ്ങുന്ന കോഹ്‌ലിയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് കൗണ്ടി ടീം. ഇംഗ്ലണ്ടിൽ പേസർമാർക്ക് ലഭിക്കുന്ന അസാധാരണ സ്വിംഗിലും സീമിലും ബാറ്റർമാർ തുടർച്ചയായി പുറത്താവുന്നതിൻറെ വീഡിയോയും പങ്കുവെച്ചുകൊണ്ട് ഇതൊക്കെ കണ്ട് പേടിച്ച് വിരാട് ഇങ്ങനെ ഉള്ള തീരുമാനം എടുക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല എന്നാണ് അവർ കുറിച്ചത്. എന്തായാലും ഈ കളിയാക്കൽ ചർച്ചയാകുന്നുണ്ട്.

കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ “തമാശ പോസ്റ്റിന്” അനുസൃതമായി, ഇംഗ്ലീഷ് സാഹചര്യങ്ങളിൽ വിരാട് കോഹ്‌ലി തന്റെ ഏറ്റവും മോശം ബാറ്റിംഗ് ശരാശരി (മൂന്നിൽ കൂടുതൽ ടെസ്റ്റുകൾ) നിലനിർത്തുന്നു. 33 ഇന്നിംഗ്‌സുകളിൽ നിന്ന് 33.21 ശരാശരിയിൽ 1,096 റൺസ് മാത്രമേ ഇന്ത്യൻ ഇതിഹാസ ബാറ്റ്‌സ്മാൻ അവിടെ നേടിയിട്ടുള്ളൂ.

മാത്രമല്ല, ഈ വർഷം ആദ്യം ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പോലും, ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. അതിൽ ആകെ ഓർത്തിരിക്കാൻ ഉള്ളത് ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി നേട്ടം മാത്രമാണ്.

നിലവിൽ, വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് കരിയർ 123 മത്സരങ്ങളിൽ നിന്ന് 30 സെഞ്ച്വറിയും 31 അർദ്ധ സെഞ്ച്വറികളുമായി 9,230 റൺ നേടി നിൽക്കുന്നു.