വിവാദ പുരുഷന്‍ രക്ഷകനായി, ബംഗ്ലാദേശിനെതിരെ ഇന്ത്യ കരകയറുന്നു

ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ തകര്‍ച്ചയില്‍നിന്ന് കരകയറുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ റിഷഭ് പന്തിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് രക്ഷിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെന്ന നിലയിലാണ്. 66* റണ്‍സുമായി പന്തും 29*  റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (45 പന്തില്‍ 10), ശുഭ്മന്‍ ഗില്‍ (39 പന്തില്‍ 20), ചേതേശ്വര്‍ പൂജാര (55 പന്തില്‍ 24) വിരാട് കോഹ്‌ലി (73 പന്തില്‍ 24), എന്നിവരാണു പുറത്തായത്. തൈജുല്‍ ഇസ്‌ലാമാണ് ആദ്യ മൂന്നു വിക്കറ്റു വീഴ്ത്തിയത്. കോഹ്‌ലിയെ ടസ്‌കിന്‍ അഹമ്മദാണ് മടക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലദേശിനെ 227 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു. ടോസ് നേടിയ ബംഗ്ലദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോമിനുല്‍ ഹഖിന്റെ (84 റണ്‍സ്) ഒറ്റയാള്‍ പോരാട്ടമാണ് ബംഗ്ലദേശിനെ 200 കടത്തിയത്.

ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, ആര്‍.അശ്വിന്‍ എന്നിവര്‍ 4 വിക്കറ്റ് വീതവും ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റും നേടി. സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം പേസര്‍ ജയദേവ് ഉനദ്കട്ട് ടീമിലുള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മോമിനുല്‍ ഹഖിനെ ബംഗ്ലദേശും ഉള്‍പ്പെടുത്തി.