ജഡ്ഡു എന്നാല്‍ ഫ്‌ളവര്‍ അല്ലെടാ.. ഫയറാ..; ഡല്‍ഹി ടെസ്റ്റില്‍ കാര്യങ്ങള്‍ മലക്കം മറിഞ്ഞു; മുഞ്ഞീം കുത്തി വീണ് ഓസീസ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ വമ്പന്‍ ലീഡ് നേടാന്‍ ഇറങ്ങിയ ഓസീസിന് വമ്പന്‍ തിരിച്ചടി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ഒന്നിന് 61 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് വെറും 52 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 115 റണ്‍സ്.

ഏഴ് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചത്. 12.1 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ ഏഴ് വിക്കറ്റ് പ്രകടനം. ബാക്കി മൂന്ന് വിക്കറ്റുകള്‍ ആര്‍. അശ്വിനാണ് വീഴത്തിയത്.

43 റണ്‍സ് എടുത്ത ട്രാവിസ് ഹെഡാണ് ഓസീസീന്റെ ടോപ് സ്‌കോറര്‍. മാര്‍ണസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ബാക്കിയാര്‍ക്കും ഓസീസ് നിരയില്‍ രണ്ടക്കം കടക്കാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 263 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 262 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

മൂന്നു ദിവസം കൈയില്‍ നില്‍ക്കെ 115 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത്. എന്നാല്‍ ഓസീസിനെ ചതിച്ച സ്പിന്‍ കെണി തങ്ങള്‍ക്കും പാരയാകുമോ എന്ന പേടിയിലാണ് ഇന്ത്യന്‍ ആരാധകര്‍.