വാലറ്റവും പ്രഹരിച്ചു, ഓസീസിന് കൂറ്റന്‍ സ്‌കോര്‍; അശ്വിന് ആറ് വിക്കറ്റ്

ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ടാം ദിനം 480 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ച്വറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (180) കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി.

ഖവാജ- ഗ്രീന്‍ സഖ്യം അഞ്ചാം വിക്കറ്റില്‍ 208 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആദ്യ സെക്ഷനിലും രണ്ടാം സെക്ഷന്റെ പകുതിയിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആയില്ല.

ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. പിന്നീട് രണ്ടാം സെക്ഷന്റെ അവസാന ലാപ്പിലാണ് വിക്കറ്റ് ദൈവങ്ങല്‍ കനിഞ്ഞത്.

ഗ്രീനിന് പകരം വന്ന അലക്‌സ് ക്യാരിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. റണ്‍സെടുക്കുംമുന്‍പ് ക്യാരിയെ അശ്വിന്‍, അക്ഷര്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന മിച്ചല്‍ സ്റ്റാര്‍ക്ക് വെറും ആറുറണ്‍സെടുത്ത് മടങ്ങി. സ്റ്റാര്‍ക്കിനെ അശ്വിന്‍ ശ്രേയസ്സ് അയ്യരുടെ കൈയ്യിലെത്തിച്ചു. പിന്നാലെ ഖവാജയെ പുറത്താക്കി അക്ഷര്‍ ഓസീസിന്റെ എട്ടാം വിക്കറ്റ് സ്വന്തമാക്കി. അടുത്ത രണ്ട് വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തി.

Read more

വാലറ്റത്ത് നഥാന്‍ ലിയോണ്‍ (34), ടോഡ് മര്‍ഫി (41) എന്നിവരുടെ ചെറുത്തുനില്‍പ്പ് ശ്രദ്ധേയമായി. ഒന്‍പതാം വിക്കറ്റില്‍ ഇരവരും ചേര്‍ന്ന് 70 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഒടുവില്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.