അവസാന ഓവറില്‍ അര്‍ഷ്ദീപ് മാജിക്, ജയത്തോടെ അവസാനിപ്പിച്ച് ഇന്ത്യന്‍ യുവനിര

ഓസീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. ഇന്ത്യ മുന്നോട്ട് വെച്ച് 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുക്കാനെ ആയുള്ളു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് ശ്വന്തമാക്കി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ബെന്‍ മക്‌ഡെര്‍മോട്ട് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം 36 ബോളില്‍ അഞ്ച് സിക്‌സിന്റെ അകടമ്പടിയില്‍ 54 റണ്‍സെടുത്തു. ഓസീസിന് ജയിക്കാന്‍ അവസാന ഓവറില്‍ 10 റണ്‍സ് വേണമെന്നിരിക്കെ ബോള്‍ ചെയ്ത അര്‍ഷ്ദീപ് മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

ട്രാവിസ് ഹെഡ് 18 ബോളില്‍ 28, ടിം ഡേവിഡ് 17 ബോളില്‍ 17, മാറ്റ് ഷോട്ട് 11 ബോളില്‍ 16, മാത്യു വെയ്ഡ് 15 ബോളില്‍ 22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി,

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് നേടാനായത്. ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലമാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

ശ്രേസയസ് 37 പന്തില്‍ 2 സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സെടുത്തു. യശ്വസി ജെയ്‌സ്വാള്‍ 15 പന്തില്‍ 21, ഋതുരാജ് ഗെയ്‌വാദ് 12 പന്തില്‍ 10, ജിതേഷ് ശര്‍മ 16 പന്തില്‍ 24, അക്‌സര്‍ പട്ടേല്‍ 21 പന്തില്‍ 31 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഓസ്ട്രേലിയക്കുവേണ്ടി ജെയ്സണ്‍ ബെഹ്‌റെന്‍ഡോര്‍ഫും ബെന്‍ ഡ്വാര്‍ഷിസും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ആരോണ്‍ ഹാര്‍ഡിയും തന്‍വീര്‍ സംഘയും നഥാന്‍ എല്ലിസും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.