ക്രിക്കറ്റ് പ്രേമികള്‍ക്ക് 'മാക്‌സി'മം ഷോ, പരമ്പര കൈവിടാതെ ഓസീസ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോല്‍വി. മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 48 ബോള്‍ നേരിട്ട മാക്‌സ്‌വെല്‍ 8 വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 104 റണ്‍സെടുത്തു.

ട്രാവിസ് ഹെഡ് 18 ബോളില്‍ 35, ആരോണ്‍ ഹാര്‍ഡി 12 ബോളില്‍ 16, ജോഷ് ഇഗ്ലിസ് 6 ബോളില്‍ 10, മാര്‍ക്കസ് സ്‌റ്റോയിനിസ് 21 ബോളില്‍ 17, ടിം ഡേവിഡ് 0, മാത്യു വെയ്ഡ് 16 ബോളില്‍ 28* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി രവി ബിഷ്‌ണോയി രണ്ടും അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 57 പന്തുകള്‍ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്സും പറത്തി 123 റണ്‍സോടെ പുറത്താകാതെ നിന്നു.

ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളില്‍ വെറും 22 റണ്‍സ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 101 റണ്‍സാണ്.

സൂര്യകുമാര്‍ യാദവ് 29 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്തു. 24 പന്തുകള്‍ നേരിട്ട തിലക് 31 റണ്‍സോടെ പുറത്താകാതെ നിന്നു. 142 റണ്‍സാണ് അവസാന 10 ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത്. തിലക് വര്‍മയെ കൂട്ടുപിടിച്ച് 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഋതുരാജ് പടുത്തുയര്‍ത്തിയത്. ജയത്തോടെ ഓസീസ് പരമ്പര സാധ്യത കൈവിടാതെ പിടിച്ചു.