ഇപ്പോഴത്തെ പിള്ളേരെ ഞങ്ങളുടെ അടുത്ത് കിട്ടിയാൽ തീർത്ത് വിടും, കോഹ്‌ലിയും രോഹിതും ഒന്ന് പിടിച്ചുനിൽക്കില്ല; ഇന്ത്യയെ പുച്ഛിച്ച് ശ്രീലങ്കൻ ഇതിഹാസം

1996 ലോകകപ്പ് നേടിയ തൻ്റെ ടീം മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയെ പരാജയപ്പെടുത്തുമായിരുന്നുവെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ വലിയ അവകാശവാദം ഉന്നയിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് . 2012 മുതൽ സ്വന്തം തട്ടകത്തിൽ നടന്ന ടെസ്റ്റ് പരമ്പരകളിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യ ഈ അടുത്ത് നടന്ന ന്യൂസിലാന്റ് പരമ്പരയിലാണ് ഏറെ വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ തോൽവി അറിഞ്ഞത്.

56 ടെസ്റ്റുകളിൽ രണതുംഗ ശ്രീലങ്കയുടെ ക്യാപ്റ്റനായിരുന്നു, അതിൽ ഏഴും ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു. നാല് തോൽവിയും മൂന്ന് സമനിലയുമാണ് ടീം ഈ പോരാട്ടങ്ങളിൽ നിന്ന് നേടിയത്. 1994-ലെ 0-3 വൈറ്റ്‌വാഷ് ഉൾപ്പെടെ നാല് തോൽവികളും ഇന്നിംഗ്‌സിനായിരുന്നു.
അതേസമയം, 1996 ലെ ശ്രീലങ്കൻ ലോകകപ്പ് ടീമിൽ സനത് ജയസൂര്യ, അരവിന്ദ ഡി സിൽവ, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ ഇതിഹാസതാരങ്ങൾ ഉണ്ടായിരുന്നു. 1996 ൽ ഈഡൻ ഗാർഡൻസിൽ നടന്ന ലോകകപ്പ് സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് സന്ദർശക ടീം ഫൈനലിലെത്തിയത്.

“എൻ്റെ ടീമിൽ ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ ബൗളർമാർ ഉണ്ട്, ഇപ്പോഴത്തെ പിള്ളേരോട് ഞങ്ങൾ കളിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ ഇന്ത്യയെ ഇന്ത്യയിൽ പരാജയപ്പെടുത്തുമായിരുന്നു,” അദ്ദേഹം ടെലിഗ്രാഫിനോട് പറഞ്ഞു. ഒരുപാട് പരമ്പരകളിൽ കളിച്ചിട്ടും ശ്രീലങ്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ചിട്ടില്ല. ടീം 13 എന്നതിൽ തോൽക്കുകയും ഒമ്പത് എണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. 2022ലായിരുന്നു അവസാന പര്യടനം, അതിൽ ഇന്ത്യ 2-0ന് വിജയിച്ചു.

അടുത്തിടെ സ്വന്തം തട്ടകത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക 0-2ന് ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത പോലും നേടാൻ സാധിക്കാത്ത ടീം ബുദ്ധിമുട്ടുകയാണ്.