ഈ കണക്കിന് ഇന്ത്യയെ നേരിടാൻ ചെന്നാൽ വമ്പൻ തോൽവി ഉറപ്പ്, അവരുടെ ഫോം പേടിപ്പിക്കുന്നത്; പാകിസ്ഥാനെ തള്ളി ഇന്ത്യയെ പുകഴ്ത്തി കമ്രാൻ അക്മൽ

സൂപ്പർ 4 ഘട്ടത്തിലെ രണ്ട് തോൽവികൾക്ക് ശേഷം ബാബർ അസമിന്റെ നേതൃത്വത്തിൽ ഉള്ള പാകിസ്ഥാൻ ടീം പുറത്തായിരുന്നു. ശ്രീലങ്കക്കും ഇന്ത്യക്കും എതിരായ തോൽവിയാണ് പാകിസ്താനെ പുറത്താക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും നിരാശാജനകമായ പ്രകടനമായിരുന്നു പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 2023 ലോകകപ്പിന് മുമ്പ് തങ്ങളുടെ മാനസികാവസ്ഥ മാറ്റിയില്ലെങ്കിൽ, മറ്റ് ടീമുകൾക്കും പ്രത്യേകിച്ച് എതിരാളികളായ ഇന്ത്യയ്ക്കും “എളുപ്പത്തിൽ ” തങ്ങളെ തകർക്കാൻ കഴിയുമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ പറഞ്ഞു.

“മുഹമ്മദ് ഷമി ബെഞ്ചിലുണ്ട്, അവൻ ഈ ഇലവനിൽ കളിക്കുന്നില്ല. ഇത് ഇന്ത്യ ഒരു സമ്പൂർണ്ണ ബൗളിംഗ് യൂണിറ്റാണെന്ന് നിങ്ങളെ കാണിക്കുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഫോമിലാണ്, ശുഭ്മാൻ ഗിൽ അടുത്തിടെ സെഞ്ച്വറി നേടി, അതിനാൽ അത് മികച്ച ബാറ്റിംഗ് യൂണിറ്റാണെന്ന് നിസംശയം പറയാം. ഒക്‌ടോബർ 14ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിനെ സമ്മർദത്തിലാക്കാൻ പാകിസ്ഥാൻ നന്നായി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ പറയാം,” കമ്രാൻ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഏഷ്യാ കപ്പിലെ അതേ മാനസികാവസ്ഥയിലും കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ കളിച്ച രീതിയിലും പാകിസ്ഥാൻ കളിക്കുകയാണെങ്കിൽ, വളരെ മോശമായി ടീം പരാജയപ്പെടും. ടീം നന്നായി തയ്യാറെടുക്കേണ്ടതുണ്ട്. ” മുൻ താരം പറഞ്ഞു. അതേസമയം, പാകിസ്ഥാൻ ഇതിഹാസങ്ങളായ ജാവേദ് മിയാൻദാദും മിസ്ബാ ഉൾ ഹഖും ചൊവ്വാഴ്ച ബാബർ അസമിനെ ന്യായീകരിച്ചു. മോശം പ്രകടനത്തിന് ക്യാപ്റ്റനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിച്ച മിയാൻദാദും മിസ്ബയും പാനിക് ബട്ടൺ അമർത്തരുതെന്ന് രാജ്യത്തെ ക്രിക്കറ്റ് ആരാധാലറോട് ഉപദേശിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്‌ക്കുമെതിരായ ഏഷ്യാ കപ്പ് മത്സരങ്ങളിൽ ടീമിലെ മറ്റുള്ളവർ മികച്ച പ്രകടനം നടത്താത്തപ്പോൾ ബാബർ അസമിനെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിന് എന്നാണ് ഇരുവരും ചോദിച്ചത്. എന്തായാലും പാകിസ്ഥാൻ ശക്തമായി തന്നെ തിരിച്ചുവരുമെന്നാണ് ആരാധകരും പ്രതീഷിക്കുന്നത്.