ടെസ്റ്റ് ടീമില്‍ ഇനി തന്നെ ആവശ്യമില്ലെങ്കില്‍ ആ വിധി അംഗീകരിക്കും; തുറന്നടിച്ച് ഓസീസ് സൂപ്പര്‍ ബാറ്റര്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ടീം ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ആധിപത്യം പുലര്‍ത്തി. രണ്ട് വലിയ തോല്‍വികളിലേക്ക് ഓസീസ് കൂപ്പുകുത്തിയപ്പോള്‍ ആതിഥേയര്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു. മോശം പ്രകടനങ്ങള്‍ക്കിടയിലും രണ്ടാം ടെസ്റ്റില്‍ കൈമുട്ടിന് ഒടിവുണ്ടായതിനെത്തുടര്‍ന്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടപ്പെട്ടത് ഓസ്ട്രേലിയയ്ക്ക് മറ്റൊരു തിരിച്ചടിയായി. പരിക്കിനെ തുടര്‍ന്ന് പരമ്പര മതിയാക്കി വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അതേസമയം, കളിച്ച രണ്ട് മത്സരങ്ങളിലും വാര്‍ണര്‍ വലിയ സംഖ്യകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തിന്റെ ടെസ്റ്റ് ഭാവിയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ വഴിതുറന്നു. വാര്‍ണറെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകല്‍ വന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് താരം. താന്‍ മോശം ഫോമിലല്ലെന്നും എന്നിരുന്നാലും ടെസ്റ്റ് ടീമില്‍ ഇനി തന്നെ ആവശ്യമില്ലെങ്കില്‍ തന്റെ വിധി അംഗീകരിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു.

2024ലും കളിക്കുമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. സെലക്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ സ്ഥാനത്തിന് യോഗ്യനല്ലെന്ന് തോന്നുന്നുവെങ്കില്‍, അങ്ങനെയാകട്ടെ, എനിക്ക് വൈറ്റ്-ബോള്‍ ഫോര്‍മാറ്റില്‍ മുന്നോട്ട് പോകാം. ഞാന്‍ ആഴ്ചകള്‍ക്ക് മുമ്പ് 200 സ്‌കോര്‍ ചെയ്തു. അതിനാല്‍ ഞാന്‍ കുഴപ്പത്തിലല്ല.

Read more

എനിക്ക് അടുത്ത 12 മാസങ്ങള്‍ മുന്നിലുണ്ട്. ടീമിനായി ഒരുപാട് ക്രിക്കറ്റ് മുന്നിലുണ്ട്. എനിക്ക് റണ്‍സ് നേടാനും ടീമിനായി എന്റെ ഏറ്റവും മികച്ചത് നല്‍കാനുമായാല്‍ അത് ടീമിന് ഗുണകരമായിരിക്കും- വാര്‍ണര്‍ പറഞ്ഞു.