അവനുണ്ടായിരുന്നെങ്കില്‍ ലിയോണും കുഹ്നെമാനും കരഞ്ഞുകൊണ്ട് മൈതാനം വിട്ടേനെ; തുറന്നടിച്ച് പാക് താരം

സ്പിന്നിനെതിരായ ഇന്ത്യയുടെ ബാറ്റിംഗ് കഷ്ടപ്പാടുകളെക്കുറിച്ച് പരിതപിച്ച് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്‍ഡോര്‍ ടെസ്റ്റില്‍ റിഷഭ് പന്തിനെ ഇന്ത്യ ഒരുപാട് മിസ് ചെയ്‌തെന്നും പന്ത് ഉണ്ടായിരുന്നെങ്കില്‍ ആക്രമണാത്മക സമീപനത്തിലൂടെ ലിയോണിനും കുഹ്നമാനും മേല്‍ ഇന്ത്യയ്ക്ക് ആധിപത്യം സ്ഥാപിക്കുമായിരുന്നെന്നും കനേരിയ അഭിപ്രായപ്പെട്ടു.

ഈ സ്പിന്നര്‍മാര്‍ക്ക് എതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നിങ്ങള്‍ ഋഷഭ് പന്തിനോട് ചോദിച്ചാല്‍, അവന്‍ നിങ്ങള്‍ക്കത് പറഞ്ഞു തരുമായിരുന്നു. അവന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലിയോണും കുഹ്നെമാനും രക്ഷപ്പെടില്ലായിരുന്നു. പന്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് ഓസീസിനെ പ്രതിസന്ധിയില്‍ ആക്കുമായിരുന്നു. സ്വാഭാവികമായും ഇത് മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിക്കുമായിരുന്നു.

ഇന്ത്യക്ക് അവരുടെ ആദ്യ ഇന്നിംഗ്സില്‍ 250-300 റണ്‍സ് സ്‌കോര്‍ ചെയ്യാമായിരുന്നു. എന്നാല്‍ അവരുടെ അനാവശ്യ സ്ട്രോക്ക് പ്ലേ ഓസ്ട്രേലിയയെ ഉന്നതിയില്‍ എത്തിച്ചു- കനേരിയ പറഞ്ഞു.

2022 ഡിസംബറില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ പന്ത് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിവരാന്‍ ഒരു വര്‍ഷമെടുക്കും.