ക്രിക്കറ്റില്‍ പുതിയ നിയമവുമായി ഐസിസി, ടി20 ലോകകപ്പ് മുതല്‍ പ്രാബല്യത്തില്‍

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് നിയമം ഒരു സ്ഥിരം ഫീച്ചറാക്കി മാറ്റാന്‍ ഒരുങ്ങുന്നു. ഗവേണിംഗ് ബോഡി 2023 ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ സംവിധാനത്തിന് ജൂണ്‍ 1 ന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പു മുതല്‍ സ്ഥിരം പദവി ലഭിക്കും. കളിയുടെ വേഗത നിലനിര്‍ത്താന്‍ ഈ നിയമം ടീമുകളെ സഹായിക്കും.

ഓവറുകള്‍ക്കിടയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബോളിംഗ് ടീമിന് 60 സെക്കന്‍ഡ് നല്‍കും. കൗണ്ട്ഡൗണ്‍ പൂജ്യമാകുന്നതിന് മുമ്പ് ബൗളിംഗ് ടീം അവരുടെ ഓവര്‍ ആരംഭിക്കണം. ലംഘനം ഉണ്ടായാല്‍ അവര്‍ക്ക് പിഴകള്‍ നേരിടേണ്ടിവരും.

ഒരു കളിയില്‍ മൂന്നുതവണ ഈ സമയം ലംഘിച്ചാല്‍ ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് ബോണസായി ലഭിക്കും. ആദ്യ രണ്ടുതവണ ബോളിംഗ് ടീമിന് മുന്നറിയിപ്പ് നല്‍കിയ ശേഷമായിരിക്കും ‘പിഴ റണ്‍സ്’ അനുവദിക്കുക.

ഇരുടീമിനും ജയസാധ്യതയുള്ള കളിയില്‍ ചിലഘട്ടങ്ങളില്‍ ബോളിംഗ് ആലോചനകള്‍ക്കും ഫീല്‍ഡിംഗ് ആസൂത്രണത്തിനുമായി ഏറെ സമയമെടുക്കാറുണ്ട്. അത് തടഞ്ഞ്, മത്സരങ്ങള്‍ക്കിടയിലെ ഇടവേള കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിസി സ്റ്റോപ്പ് ക്ലോക്ക് കൊണ്ടുവരുന്നത്.

നിയമം നടപ്പാക്കുന്നതോടെ ബോളിംഗ് ടീമിന് കൂടുതല്‍ സമ്മര്‍ദമുണ്ടാകും. നിയമത്തേക്കുറിച്ച് ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയില്‍ത്തന്നെ ഭിന്നാഭിപ്രായമാണുള്ളത്.