ഇന്ത്യയ്ക്ക് കുതിപ്പ്, രോഹിത്തിന് കിതപ്പ്; നായകന് കഷ്ടകാലം തുടങ്ങിയോ

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ നായകനായി രോഹിത് ശര്‍മ്മ എത്തിയതോടെ പരാജയമറിയാതെ മുന്നേറുകയാണ് ഇന്ത്യ. രോഹിത്തിന്റെ കീഴില്‍ ടീം മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വ്യക്തിഗത പ്രകടനത്തില്‍ പിന്നോട്ടായിരിക്കുകയാണ് താരം. ഇതിന്റെ അഘാതം റാങ്കിംഗിലും പ്രതിഫലിച്ചു കഴിഞ്ഞു.

ഏകദിന, ടെസ്റ്റ് റാങ്കിംഗില്‍ ഒരുചുവട് പിന്നിലോട്ട് ഇറങ്ങിയിരിക്കുകയാണ് താരം. ഏകദിനത്തില്‍ ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന രോഹിത് പുതുക്കിയ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് രോഹിത്തിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ രോഹിത് ഏഴാംസ്ഥാനത്തേക്കു വീണു. ഒരു സ്ഥാനമാണ് അദ്ദേഹത്തിനു നഷ്ടമായത്. നേരത്തേ ആറാമതായിരുന്നു താരം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനാകാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്.

ഏകദിന റാങ്കിംഗില്‍ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമന്‍. കോഹ്‌ലിയും രോഹിതും മാത്രമാണ് ആദ്യ പത്തിനുള്ളിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍. ടെസ്റ്റ് റാങ്കിംഗില്‍ ഒന്‍പതാ സ്ഥാനത്താണ് കോഹ്‌ലി. റിഷഭ് പന്ത് പത്താം സ്ഥാനത്തും ഉണ്ട്.