എനിക്ക് പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും ആഗ്രഹമുണ്ട്, അവർ എന്നെ അതിന് അനുവദിക്കുന്നില്ല; പന്തെറിയാത്തതിന്റെ കാരണം പറഞ്ഞ് ശ്രേയസ് അയ്യർ

ഇന്ത്യയ്‌ക്കായി ഏറ്റവും ഉയർന്ന തലത്തിൽ പന്തെറിയാനുള്ള ആഗ്രഹം ശ്രേയസ് അയ്യർ പല വട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ തനിക്ക് അത് ചെയ്യാൻ കഴിയാത്തതിന്റെ കാരണങ്ങളും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വലംകൈയ്യൻ ബാറ്റർക്ക് ഈ വര്ഷം ആദ്യം മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, അതിനാൽ തന്നെ ഒരുപാട് മത്സരങ്ങൾ ഈ പ്രാവശ്യം താരത്തിന് നഷ്ടമായിരുന്നു.

28 കാരനായ അയ്യർ തന്റെ മുൻകാല പരിക്കിന്റെ ചരിത്രം കാരണം സഹപരിശീലകരും കണ്ടീഷനിംഗ് പരിശീലകരും തന്നെ ബൗൾ ചെയ്യാൻ അനുവദിച്ചില്ലെന്ന് അവകാശപ്പെട്ടു. “എനിക്ക് പന്തെറിയാൻ ആഗ്രഹമുണ്ട്, പക്ഷേ സഹപരിശീലകരും കണ്ടീഷനിംഗ് പരിശീലകാറും എന്നെ അനുവദിക്കില്ല , നീ പന്തെറിയേണ്ട എന്ന അവർ പറയുന്നത്”മത്സരത്തിന് ശേഷം ശ്രേയസ് ജിയോസിനിമയിൽ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 7.3 ഓവർ മാത്രം എറിഞ്ഞ ശ്രേയസ് 43 റൺസ് വഴങ്ങി. എന്നാൽ, യുവതാരത്തിന് ഇതുവരെ ഒരു വിക്കറ്റ് വീഴ്ത്താൻ ആയിട്ടില്ല. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റിൽ 10 വിക്കറ്റുകളാണ് ശ്രേയസ് വീഴ്ത്തിയത്. ഇന്ത്യ ടി20, ടെസ്റ്റ്, ഏകദിന പരമ്പരകൾ കളിക്കുന്ന ദക്ഷിണാഫ്രിക്കയിലേക്ക് പോകാനൊരുങ്ങുകയാണ് ശ്രേയസ്.

അതേസമയം ഓസീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ മുന്നോട്ട് വെച്ച് 161 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ ആയുള്ളു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് ശ്വന്തമാക്കി. തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും അവസാനം മനോഹരമായി പന്തെറിഞ്ഞ അർശ്ദീപ് സിങ്ങും സ്പിന്നറുമാരും വിജയത്തിന് സഹായിച്ചപ്പോൾ ബാറ്റിംഗിൽ ശ്രേയസ് മികച്ച പ്രകടനമാണ് നടത്തിയത്.

ശ്രേയസ് 37 പന്തിൽ 2 സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയിൽ 53 റൺസെടുത്തു. യശ്വസി ജെയ്‌സ്വാൾ 15 പന്തിൽ 21, ഋതുരാജ് ഗെയ്‌വാദ് 12 പന്തിൽ 10, ജിതേഷ് ശർമ 16 പന്തിൽ 24, അക്‌സർ പട്ടേൽ 21 പന്തിൽ 31 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.