തോന്നിയ പോലെ കളിക്കാൻ ഞാൻ അവസാനം അവനോട് പറയുന്നു, എനിക്ക് അത് പറയാതെ നിവൃത്തി ഇല്ലായിരുന്നു; ഇന്ത്യൻ താരത്തെ കുറിച്ച് മുംബൈ പരിശീലകൻ

2021-ൽ ടീം ഇന്ത്യ അരങ്ങേറ്റം കുറിച്ചതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് ഒരു അത്ഭുതകരമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിലവിൽ ടി20 യിൽ ഒന്നാം നമ്പർ ബാറ്റ്‌സ്മാനായ താരം സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ മിടുക്കനാണ്.

മുംബൈയിൽ ജനിച്ച താരം കഴിഞ്ഞ വർഷം 31 ടി20 മത്സരങ്ങളിൽ നിന്ന് 46.56 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും ഒമ്പത് അർധസെഞ്ചുറികളും സഹിതം 1164 റൺസ് നേടിയിട്ടുണ്ട്. സൂര്യകുമാറിന്റെ വളർച്ച കാണുമ്പോൾ തനിക്ക് സന്തോഷമുണ്ടെന്ന് മുൻ മുംബൈ കോച്ച് സുലക്ഷൻ കുൽക്കർണി പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെ:

“ദിലീപ് വെങ്‌സർക്കാർ എന്നോട് ആദ്യം പറഞ്ഞത് സൂര്യകുമാറിനെക്കുറിച്ചാണ്,” കുൽക്കർണി ദി പ്ലേഫീൽഡ് മാഗസിനോട് പറഞ്ഞു. “അദ്ദേഹം ആദ്യം ദാദർ യൂണിയൻ സ്പോർട്സ് ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നു. മുംബൈക്ക് വേണ്ടിയുള്ള U22 മത്സരത്തിൽ അവൻ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ 2011 ൽ ഞാൻ മുംബൈ കോച്ചായപ്പോൾ ടീം മാനേജ്മെന്റിനോട് ആദ്യം പറഞ്ഞത് സൂര്യകുമാർ എന്റെ സ്വതന്ത്ര പക്ഷിയാകുമെന്നാണ്. അവനു ഇഷ്ടമുള്ള രീതിയിൽ കളിക്കാം, ആരും അവനോട് ഒന്നും പറയില്ല.”

സൂര്യകുമാറിന്റെ ബാറ്റിംഗിൽ ഇന്ത്യൻ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവിന്റെ നിഴലുകൾ താൻ കാണുന്നുണ്ടെന്നും 32-കാരന് ഒറ്റയ്ക്ക് കളിയുടെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നും കുൽക്കർണി കൂട്ടിച്ചേർത്തു.

“കപിൽ ദേവിന്റെ ഷേഡുകൾ അവനിൽ കാണാൻ കഴിയുന്നതിനാലാണ് ഞാൻ അദ്ദേഹത്തിന് അവന്റെ സ്വാഭാവിക ഗെയിം കളിക്കാനുള്ള ലൈസൻസ് നൽകിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഫുൾ ഫ്ലോയിൽ ആയിരിക്കുമ്പോൾ കപിലിനേക്കാൾ മികച്ച ഒരു കളിക്കാരൻ കാണാൻ കഴിഞ്ഞില്ല. സൂര്യയ്ക്ക് ഒരു ആക്രമണ ഗെയിമുണ്ടായിരുന്നു, അവൻ അങ്ങനെ തന്നെ കളിക്കാൻ ഞാൻ ആഗ്രഹിച്ചു. കളിയുടെ നിറം മാറ്റാൻ കഴിയുന്ന ഒരു സ്വതന്ത്ര പക്ഷി ഓരോ ടീമിനും ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ആ ടീമിലെ എന്നെ സംബന്ധിച്ചിടത്തോളം സൂര്യയായിരുന്നു ആ കളിക്കാരൻ.

152.57 സ്‌ട്രൈക്ക് റേറ്റിൽ ആറ് ടി20കളിൽ നിന്ന് ഒരു സെഞ്ചുറിയും ഫിഫ്റ്റിയും ഉൾപ്പെടെ 267 റൺസ് നേടിയ വലംകൈയ്യൻ ബാറ്റർ 2023ലും മികച്ച ഫോമിലാണ്.