ഞാൻ സ്പിന്നറുമാരെ സഹായിക്കാം എന്ന് പറഞ്ഞതാണ്, ദ്രാവിഡ് എന്നോട് പറഞ്ഞ മറുപടി എന്നെ സങ്കടപ്പെടുത്തി; പരിശീലകനെതിരെ ലക്ഷ്മൺ ശിവരാമകൃഷ്ണൻ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ 2-1 തോൽവിക്ക് പിന്നാലെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെക്കുറിച്ച് മുൻ ലെഗ് സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

ഫീൽഡ് പ്ലെയ്‌സ്‌മെന്റിന്റെ കാര്യത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തന്റെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മറികടന്നുവെന്നോ എന്ന ചോദ്യം ഒരു ആരാധകൻ ചോദിച്ചപ്പോഴാണ് മുൻ താരം മറുപടി പറഞ്ഞ് രംഗത്ത് എത്തിയത്.

ട്വിറ്ററിൽ ഒരു ആരാധകൻ ഇങ്ങനെ എഴുതി.

“എനിക്ക് തോന്നി കുൽദീപ് ശരിയായ ഫീൽഡിലേക്ക് പന്തെറിയില്ലെന്ന്. സാമ്പ പന്തെറിയുമ്പോൾ സ്മിത്ത് മികച്ച ആക്രമണ ഫീൽഡ് ഒരുക്കിയിരുന്നു. അതുപോലെ ആഗർ പന്തെറിയുമ്പോഴും അദ്ദേഹത്തിന് അത്തരത്തിൽ ഉള്ള ഒരു ഫീൽഡാണ് ഒരുക്കിയത്. അവിടെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണനെ പോലെ ഉള്ള വിദഗ്ധനെ ആവശ്യം.”

ചെന്നൈയിൽ സ്പിൻ സൗഹൃദ വിക്കറ്റിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദം സാമ്പ നാല് വിക്കറ്റ് വീഴ്ത്തി. ആഷ്ടൺ അഗർ രണ്ട് വിക്കറ്റും നേടി. ട്വിറ്ററിൽ ആരാധകൻ പറഞ്ഞതിന് ലക്ഷ്മൺ ശിവരാമകൃഷൻ പറയുന്നത് ഇങ്ങനെ. “ഞാൻ എന്റെ സേവനം രാഹുൽ ദ്രാവിഡിന് വാഗ്ദാനം ചെയ്തു, ഞാൻ ഒരുപാട് സീനിയർ ആണെന്ന് ദ്രാവിഡ് പറഞ്ഞു. സ്പിന്നർമാർക്ക് ഒപ്പം അദ്ദേഹത്തിന്റെ ടീമിൽ പ്രവർത്തിക്കാൻ എനിക്ക് പ്രായം കൂടുതൽ ആണെന്നുമാണ് അദ്ദേഹം ഉദേശിച്ചത്.” മുൻ താരം പറഞ്ഞു

80 കളിൽ ഒമ്പത് ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ലക്ഷ്മൺ 16, 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ശിവരാമകൃഷ്ണൻ 76 എഫ്‌സി, 33 ലിസ്റ്റ് എ ഗെയിമുകളിൽ നിന്ന് യഥാക്രമം 154, 37 വിക്കറ്റുകൾ നേടിയിട്ടുണ്ട്.