ഇന്ത്യയെ സഹായിക്കാന്‍ പാക് സര്‍ക്കാരിനോടും ജനതയോടും അഭ്യര്‍ത്ഥിച്ച് അക്തര്‍

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോടും പാക് ജനതയോടും അഭ്യര്‍ത്ഥിച്ച് ശുഐബ് അക്തര്‍. ഒരുപാട് ഓക്സിജന്‍ ടാങ്ക് ഇന്ത്യക്ക് ആവശ്യമാണെന്നും ധനസമാഹരണത്തിലൂടെ ഫണ്ട് കണ്ടെത്തി ഓക്സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കണം എന്നും തന്റെ യൂട്യൂബ് ചാനലില്‍ അക്തര്‍ പറഞ്ഞു.

“കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ വളരെയേറെ ബുദ്ധിമുട്ടുന്നു. അവിടെ ലോകത്തിന്റെ സഹായം ആവശ്യമാണ്. ആരോഗ്യ മേഖല തകരുന്നു. ഇതൊരു മഹാമാരിയാണ്. അതിനെതിരെ പൊരുതുന്നതില്‍ നമ്മളെല്ലാവരും ഒരുമിച്ചാണ്. ഉറപ്പായും പരസ്പരം സഹായിക്കണം.”

“നിലവിലെ പ്രതിസന്ധി മറികടക്കുക ഏത് സര്‍ക്കാരിനും അസാധ്യമായ കാര്യമാണ്. ഞാന്‍ എന്റെ സര്‍ക്കാരിനോടും ആരാധകരോടും ഇന്ത്യയെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.”

“ഒരുപാട് ഓക്സിജന്‍ ടാങ്ക് ഇന്ത്യക്ക് ആവശ്യമാണ്. ധനസമാഹരണം നടത്തി ഫണ്ട് കണ്ടെത്തി ഓക്സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കണം” അക്തര്‍ പറഞ്ഞു.